| Wednesday, 29th December 2021, 11:26 am

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു; ദല്‍ഹിയില്‍ മാത്രം 238 കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ഭൂരിഭാഗവും ദല്‍ഹിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത് 781 കേസുകളില്‍ 238 കേസുകളും ദല്‍ഹിയിലാണ്. മഹാരാഷ്ട്രയിലാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്. നിലവില്‍ 167 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കൊവിഡും ഒമിക്രോണും രൂക്ഷമായതോടെ ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വന്നത്.

ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ദല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് യു.പിയില്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ 5 മണിവരെ മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോളും കൊവിഡ് ഭീതി ഒഴിയാത്ത സാഹചര്യമാണ്. തൊട്ടുമുന്‍പെയുള്ള ദിവസത്തേക്കാള്‍ 44 ശതമാനം കേസുകളുടെ വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേയസമയം, രോഗമുക്തി നിരക്ക് വര്‍ധിക്കുന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The total count of the highly transmissible coronavirus variant Omicron has reached 781 in India, Most in Delhi

We use cookies to give you the best possible experience. Learn more