| Monday, 6th March 2023, 10:07 pm

പല്ല് അടിച്ച് കൊഴിച്ചു; വിവാഹ മോചനം നേടിയ സ്ത്രീയോട് മുന്‍ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിവാഹമോചനം നേടിയ സ്ത്രീയോട് വീണ്ടും മുന്‍ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍. വര്‍ഷങ്ങളായുള്ള ഭര്‍ത്താവിന്റെ പീഡനത്തില്‍ പല്ല് വരെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എട്ട് മക്കളുമായി മാറി താമസിക്കുകയായിരുന്ന മര്‍വയോടാണ് മുന്‍ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടത്.

അഫ്ഗാനില്‍ മര്‍വയെ പോലുള്ള ചുരുക്കം ചില സ്ത്രീകള്‍ക്ക് മാത്രമേ നിയമപരമായി വിവാഹമോചനം ലഭിച്ചിട്ടുള്ളൂ.

2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ താന്‍ വിവാഹമോചനത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. അതിന് ശേഷം താലിബാന്‍ മര്‍വയെ പിടിച്ച് കൊണ്ട് വരാന്‍ ഉത്തരവിടുകയായിരുന്നു.

‘ ആ ദിവസങ്ങളില്‍ ഞാനും എന്റെ മക്കളും ഒരുപാട് കരഞ്ഞിട്ടുണ്ട്. ഞാന്‍ അബോധാവസ്ഥയില്‍ ആയിട്ടുണ്ട്. ആ സമയത്ത് മക്കളാണ് എനിക്ക് ഭക്ഷണം നല്‍കിയത്.

അയാള്‍ എന്റെ മുടി പിടിച്ച് വലിച്ച് തള്ളുന്നത് കൊണ്ട് എന്റെ മുടികള്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. ഞാന്‍ പകുതി കഷണ്ടിയായി. അയാള്‍ എന്നെ ക്രൂരമായി മര്‍ദിക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തു,’ മര്‍വ എ.എഫ്.പിയോട് പറഞ്ഞു.

തിരികെ മുന്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കണമെന്ന് അറിഞ്ഞപ്പോള്‍ പിശാച് വന്നല്ലോ എന്നാണ് തനിക്ക് തോന്നിയതെന്നും മര്‍വ പറഞ്ഞു.

ഭര്‍ത്താവ് കണ്ടുപിടിക്കുമെന്ന് ഭയന്ന് താന്‍ താമസിക്കുന്ന സ്ഥലം ഏതാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും മര്‍വ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഇവിടെ താമസിക്കുന്ന വിവരം ആര്‍ക്കും അറിയില്ല. ഞങ്ങളുടെ അയല്‍വാസികള്‍ക്ക് പോലുമറിയില്ല.

എന്നോട് കുട്ടികള്‍ പറഞ്ഞത് പട്ടിണി കിടന്നാലും കുഴപ്പമില്ലെന്നാണ്. മര്‍ദനങ്ങളില്‍ നിന്ന് മുക്തി നേടുന്നുണ്ടല്ലോ എന്ന ആശ്വാസമാണവര്‍ക്ക്,’ അവര്‍ പറഞ്ഞു.

മാസങ്ങളോളം മര്‍വയെ വീടിനുള്ളില്‍ പൂട്ടിയിടുകയും കൈകള്‍ ഒടിയുകയും വിരലുകള്‍ പൊട്ടുകയും ചെയ്തിരുന്നു.

താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവാഹ മോചനം അസാധുവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ക്ക് പീഡനം നിറഞ്ഞ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടി വരികയാണെന്ന് അഭിഭാഷകര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരെ നിരവധി വിവേചന നടപടികളാണ് കൈക്കൊണ്ടത്.

എന്ത് അടിച്ചമര്‍ത്തലുകള്‍ നേരിട്ടാലും ഇതൊക്കെ തങ്ങളുടെ വിധിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ സഹിക്കുകയാണെന്ന് നൂറോളം വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്ത നസീഫ പറഞ്ഞു.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ യോജിപ്പില്ലെങ്കില്‍ വിവാഹ മോചനം ചെയ്യാമെന്ന് ഇസ്‌ലാമില്‍ പോലും പറയുന്നുണ്ടെന്ന് നസീഫ കൂട്ടിച്ചേര്‍ത്തു.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ നേരത്തേ കുടുംബ കോടതികളില്‍ വനിതാ ജഡ്ജിമാരും വനിതാ അഭിഭാഷകരും ഉണ്ടായിരുന്നു. എന്നാല്‍ താലിബാന്‍ ഭരണം ആരംഭിച്ചതോട് കൂടി കോടതികളില്‍ പുരുഷ ജഡ്ജിമാര്‍ മാത്രമേ ഉള്ളൂ.

അഫ്ഗാനിസ്ഥാനില്‍ 10ല്‍ ഒമ്പത് പേരും ശാരീരികമോ, ലൈംഗികമോ, മാനസികമോ ആയ പീഡനങ്ങള്‍ പങ്കാളികളില്‍ നിന്ന് നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

ഭരണത്തില്‍ വന്നതിന് ശേഷം താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും, സ്ത്രീകളെ തൊഴില്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHT: The tooth fell out; The Taliban asked the divorced woman to live with her ex-husband

We use cookies to give you the best possible experience. Learn more