| Tuesday, 20th March 2018, 4:47 pm

ആരൊക്കെയോ പറയുന്നതു കേട്ട് താളം തുള്ളുകയാണ് സര്‍ക്കാര്‍; വി.എച്ച്.പിയുടെ രഥയാത്രക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനല്‍വേലി:വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ കമല്‍ ഹാസന്‍.

സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണു നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു യാത്രയ്ക്കാണു സര്‍ക്കാര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. സാമൂഹ്യ ഐക്യത്തിനായി ശബ്ദമുയര്‍ത്തിയവര്‍ അറസ്റ്റിലായി. ആരൊക്കെയോ പറയുന്നതു കേട്ടു താളം തുള്ളുകയാണു തമിഴ്‌നാട് സര്‍ക്കാര്‍.

രഥയാത്രയ്‌ക്കെതിരെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ ആരോപിച്ചു.


Dont Miss ‘സുഷ്മ സ്വരാജിനെ എന്തിന് കുറ്റപ്പെടുത്തണം; അവര്‍ ശക്തമായ തെളിവിനായി കാത്തുനിന്നതാണ്’: ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വി.കെ സിങ്


രഥം തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തിരുനല്‍വേലിയില്‍ രഥയാത്രയ്‌ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗള്‍ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്‌നാട്ടില്‍ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.

രഥത്തെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്നതു സമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അയോധ്യയില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് 25നു രാമേശ്വരത്ത് അവസാനിക്കുന്ന വിധത്തിലാണു രഥയാത്ര ക്രമീകരിച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായാണു യാത്ര. 25 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച രഥം അയോധ്യയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന ക്ഷേത്രത്തിന്റെ മാതൃകയിലാണ്.

We use cookies to give you the best possible experience. Learn more