Film News
'എല്ലാത്തിനുമായി ഞാന്‍ വരുന്നു'; ബ്രൂസ്‌ലിയാവാന്‍ ഉണ്ണി മുകുന്ദന്‍; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 17, 03:59 pm
Wednesday, 17th August 2022, 9:29 pm

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രൂസ്‌ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ‘എന്റെ എല്ലാ ഫേവറീറ്റ് ആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുന്നു. ഞാനും വൈശാഖേട്ടനും ഒന്നിച്ചിട്ട് പത്ത് വര്‍ഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല. ഉദയേട്ടന്റെ സ്‌ക്രിപ്റ്റിലാണ് ആദ്യമായി ഞാന്‍ നായകനാവുന്നത്. ഗോകുലം ഗോപാലന്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില്‍ ഈ മാഗ്നം പ്രോജക്റ്റ് സംഭവിക്കില്ല. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തിയേട്ടാ എല്ലാവര്‍ക്കും നന്ദി.

കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എല്ലാത്തിനുമായി ഞാന്‍ വരികയാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മേപ്പടിയാനാണ് ഒടുവില്‍ പുറത്ത് വന്ന ഉണ്ണി മുകുന്ദന്റെ ചിത്രം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജു കുര്യനായിരുന്നു നായിക. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ഷഫീഖിന്റെ സന്തോഷം’.

ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപിന്റേത് തന്നെയാണ് തിരക്കഥയും.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഇനി പുറത്ത് വരാനുള്ള വൈശാഖിന്റെ ചിത്രം. ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ക്രിസ്റ്റഫറാണ് ഇനി ഉദയ്കൃഷ്ണയുടെ തരക്കഥയില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Content Highlight: The title poster of Brucely, directed by Vysakh starring Unni Mukundan, is out