കിരീട വരൾച്ച നേരിടുന്നവരുടെ കിരീട പോരാട്ടം, വിജയം ആർക്ക്?|Dsports
സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് പ്രതിവർഷം സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റാണ് ഇ.എഫ്.എൽ കപ്പ്.

നിലവിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് കരബാവോ കപ്പ് എന്ന പേരിലും അറിയപ്പെടുന്ന ഈ ടൂർണമെന്റ് ഒരു നോകൗട്ട് ടൂർണമെന്റ് എന്ന രീതിയിലാണ് നടത്തപ്പെടുന്നത്.

അതായത് മത്സരത്തിൽ വിജയിക്കുന്ന ടീമുകൾ അടുത്ത ഘട്ടത്തിലേക്കും തോൽക്കുന്ന ടീമുകൾ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന രീതിക്കുമാണ് ഇ.എഫ്.എൽ കപ്പ്‌ നടത്തപ്പെടുന്നത്.

ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ നാല് ഡിവിഷണുകളിൽ നിന്നുള്ള 92 ക്ലബ്ബുകളാണ് ടൂർണമെന്റിൽ പരസ്പരം മത്സരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻഷിപ്പ്, ലീഗ് ഒൺ, ലീഗ് ടു എന്നീ ടൂർണമെന്റുകളിൽ നിന്നുമാണ് 92 ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

1960-61 കാലഘട്ടത്തിൽ ആരംഭിച്ച പ്രസ്തുത ലീഗിന്റെ 2022-2023 എഡിഷൻ രസകരമായ പല സംഭവങ്ങൾക്കും ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചിരുന്നു.

ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങൾ 25ന് ആരംഭിക്കാനിരിക്കെ നീണ്ട കാലങ്ങളായി ഒരു കിരീടവും സ്വന്തമാക്കാൻ സാധിക്കാത്ത നാല് ടീമുകളാണ് കിരീടപോരാട്ടത്തിൽ ഇത്തവണ സെമി ഫൈനലിൽ പരസ്പരം നേരിടുക എന്നതാണ്  ഒരു കാര്യം.

ജനുവരി 25ന് ആരംഭിക്കുന്ന ആദ്യ സെമി ഫൈനലിന്റെ ഒന്നാം പാദത്തിൽ സതാംപ്ടൺ, ന്യൂ കാസിൽ യുണൈറ്റഡിനെയാണ് എതിരിടുക. ജനുവരി 26ന് നടക്കുന്ന രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഫെബ്രുവരി 1,2 തീയതികളിലായാണ് ഇ.എഫ്.എൽ കപ്പിന്റെ രണ്ടാം പാദ മത്സരങ്ങൾ നടക്കുക.

ആദ്യ സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്ന സതാംപ്ടണും ന്യൂകാസിൽ യുണൈറ്റഡും  ഒരു മേജർ ടൈറ്റിൽ സ്വന്തമാക്കിയിട്ട് ഒരു നീണ്ട കാലയളവായിട്ടുണ്ട്. 1976ൽ സതാംപ്ടൻ എഫ്.എ കപ്പ് സ്വന്തമാക്കിയിരുന്നു.

ഇതിന് ശേഷം 45 വർഷമായി ക്ലബ്ബിന് ഒരു മേജർ ടൈറ്റിൽ നേടാൻ കഴിഞ്ഞിട്ടില്ല. ചെൽസിയേയും ലിവർപൂളിനെയും ടൂർണമെന്റിന് വെളിയിലാക്കി മുന്നേറിയ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചാണ് സതാംപ്ടൺ ഇ.എഫ്.എൽ കപ്പ് സെമിയിൽ കടന്നത്.

പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് മറികടക്കാൻ വലിയ അവസരമാണ് ഈ ടൂർണമെന്റ് വിജയിക്കാനായാൽ സതാംപ്ടണെ കാത്തിരിക്കുന്നത്. സതാംപ്ടണിന്റെ എതിരാളികളായ ന്യൂ കാസിൽ യുണൈറ്റഡ് അവസാനമായി ഒരു മേജർ കിരീടം സ്വന്തമാക്കിയത് 1955ലാണ്.

നീണ്ട 67 വർഷത്തിന് ശേഷം ഒരു വലിയ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ന്യൂ കാസിൽ. നിലവിൽ വമ്പൻ ഫോമിൽ കളിക്കുന്ന ന്യൂ കാസിൽ യുണൈറ്റഡ് എഫ്. എ കപ്പ് സ്വന്തമാക്കും എന്ന് വലിയൊരു കൂട്ടം ഫുട്ബോൾ ആരാധകരും വിശ്വസിക്കുന്നുണ്ട്.

പ്രീമിയർ ലീഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള മികച്ച പ്രകടനങ്ങൾ തുടർക്കഥയാക്കിയ ന്യൂ കാസിലിന് തങ്ങളുടെ നിലവിലെ ഫോം ആവർത്തിക്കാനായാൽ ഇ.എഫ്. എൽ കപ്പിൽ മുത്തമിടാൻ സാധിച്ചേക്കും.

ഇ.എഫ്.എൽ കപ്പിലെ രണ്ടാം സെമി ഫൈനൽ കളിക്കുന്ന ടീമുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു വലിയ കാലയളവിലായി കിരീട ക്ഷാമം അനുഭവിക്കുകയാണ്.

ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച ടീമുകളിൽ ഒന്ന് എന്നറിയപ്പെടുമ്പോഴും 2017ൽ നേടിയ യൂറോപ്പയാണ് ക്ലബ്ബ്‌ അവസാനമായി സ്വന്തമാക്കിയ മേജർ ടൈറ്റിൽ.2012-2013 കാലത്താണ് ക്ലബ്ബ് തങ്ങളുടെ അവസാന പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്.

നീണ്ട ആറ് വർഷത്തെ ഇടവേളക്ക് ശേഷം കപ്പിൽ മുത്തമിടാൻ കാത്തിരിക്കുന്ന യുണൈറ്റഡ് തന്നെയാണ് നിലവിൽ ഇ.എഫ്. എൽ കപ്പിലെ ഫേവറൈറ്റ്സുകൾ.
യുണൈറ്റഡിന്റെ എതിരാളികളായ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ അവസാന മേജർ കിരീടം സ്വന്തമാക്കിയത് 1990ലാണ്.

1989ലും 1990ലും തുടർച്ചയായി ലീഗ് കപ്പ് നേടിയ ശേഷം നോട്ടിങ്ഹാം ഫോറസ്റ്റിന് ഇതുവരെ ഒരു പ്രധാന കിരീടവും സ്വന്തമാക്കാൻ സാധിച്ചിച്ചിട്ടില്ല.

പ്രീമിയർ ലീഗിലെ പുത്തൻ താരോദയമായ ന്യൂകാസിലും മാൻ യൂണൈറ്റഡും ടൂർണമെന്റിന്റെ ഫൈനലിലെത്താനാണ് സാധ്യതയെന്നാണ് ഫുട്ബോൾ ആരാധകരിലെ ഭൂരിഭാഗവും കരുതുന്നത്.
എന്നാൽ ഇതുവരെ കാര്യങ്ങൾ പ്രവചനാതീതമായ ടൂർണമെന്റിൽ എന്തും നടക്കാം എന്ന സാഹചര്യമാണുള്ളത്.

 

Content Highlights:The title fight is coming for those facing a title drought; Manchester United or Newcastle United which team won efl cup said fans