| Monday, 5th December 2022, 10:41 am

രാഹുലിനും പന്തിനും പകരം ആ കീപ്പിങ് ഗ്ലൗസ് സഞജുവിന് നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒറ്റ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ചെറിയ സ്‌കോറിന് തളച്ചിട്ട ബംഗ്ലാദേശ് ആ ലക്ഷ്യം ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.

ടീം സെലക്ഷന്‍ മുതല്‍ പാളിപ്പോയ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. കഴിഞ്ഞ ദിവസം രോഹിത് നയിച്ച ടീമിനെ ചൂണ്ടിക്കാട്ടി ഇതാണ് ഏകദിനത്തിലെ ഇന്ത്യന്‍ ടീം എന്നൊരിക്കലും പറയാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു മിര്‍പൂരില്‍ കണ്ടത്.

വിക്കറ്റ് കീപ്പറുടെ റോളില്‍ കെ.എല്‍. രാഹുലും പരാജയമായിരുന്നു. അവസാന വിക്കറ്റായ മെഹ്ദി ഹസന്റെ ക്യാച്ച് കൈവിട്ടതോടെയാണ് ആ നിമിഷം വരെ ഇന്ത്യയുടെ ഹീറോയായ രാഹുല്‍ ബിഗ് സീറോയിലേക്ക് കൂപ്പുകുത്തിയത്.

ബംഗ്ലാദേശ് സ്‌കോര്‍ 155ല്‍ നില്‍ക്കവെ ഹസന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയിരുന്നുവെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആ സിംപിള്‍ ക്യാച്ച് രാഹുല്‍ കൈവിട്ടപ്പോള്‍ ഇന്ത്യയുടെ വിജയം കൂടിയായിരുന്നു ആ കയ്യില്‍ നിന്നും വഴുതിവീണത്.

കഴിഞ്ഞ ദിവസം റിഷബ് പന്തിനെ ഇന്ത്യ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

റിഷബ് പന്തിന് പരിക്കേറ്റിട്ടും സ്‌ക്വാഡില്‍ നിന്നും പുറത്താക്കാതെ, ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കുകയും പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്ത ബി.സി.സി.ഐയുടെ ആ നയം ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ബി.സി.സി.ഐ തീരുമാനവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

പന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിട്ടും പകരം ആരെയും ഉള്‍പ്പെടുത്താതിരുന്ന ബി.സി.സി.ഐയുടെ തീരുമാനത്തില്‍ ഹര്‍ഷ ഭോഗ്ലയടക്കമുള്ളവര്‍ അതൃപ്തിയറിയിച്ചിരുന്നു. സഞ്ജു ഇന്ത്യയില്‍ തന്നെയുണ്ടായിട്ടും മികച്ച ഫോമില്‍ കളിക്കുന്നത് തുടര്‍ന്നിട്ടും എന്തുകൊണ്ട് താരത്തെ ഉള്‍പ്പെടുത്തിയില്ലെന്നാണ് അദ്ദേഹം ചോദിച്ചത്.

വിക്കറ്റ് കീപ്പിങ്ങില്‍ സഞ്ജുവിന്റെ മികച്ച പ്രകടനം ഇന്ത്യ പലകുറി കണ്ടതാണ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വിജയത്തിന് പോലും സഞ്ജു എന്ന വിക്കറ്റ് കീപ്പറുടെ റോള്‍ ഏറെ വലുതായിരുന്നു.

ബാറ്ററുടെ റോളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കെ.എല്‍. രാഹുലിനെക്കാളും റിഷബ് പന്തിനെക്കാളും മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ല. മികച്ച ഒരു ഫീല്‍ഡര്‍ കൂടിയായ സഞ്ജുവിന്റെ സ്‌കില്ലുകള്‍ വിക്കറ്റ് കീപ്പിങ്ങില്‍ താരത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.

വിക്കറ്റ് കീപ്പറുടെ റോളില്‍ ഇഷാന്‍ കിഷനും തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ബി.സി.സി.ഐ ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ സ്വന്തം കാണികളുടെ മുമ്പില്‍ ഇന്ത്യ നാണംകെടുമെന്നുറപ്പാണ്.

Content Highlight: The time has come to replace Rahul and Pant with Sanju as wicket keeper

We use cookies to give you the best possible experience. Learn more