Kerala News
പുല്‍പ്പള്ളിയില്‍ ഭീതി ഉയര്‍ത്തിയ കടുവ കൂട്ടിലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 02:27 am
Friday, 17th January 2025, 7:57 am

പുല്‍പ്പള്ളി: വയനാട് പുളിപ്പള്ളിയില്‍ ഭീതി ഉയര്‍ത്തിയ കടുവ കെണിയിലായി. കഴിഞ്ഞ ദിവസം ആടിനെ കൊന്ന തൂപ്രയിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ (വ്യാഴം) രാത്രി 12 മണിയോടെയാണ് കടുവ കൂട്ടിലായത്.

ഏകദേശം 8 വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടില്‍ കുടുങ്ങിയത്. പിടിയിലായതിന് പിന്നാലെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി കടുവയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്നലെ എട്ട് മണിയോടെ തൂപ്രയില്‍ റോഡ് മുറിച്ചുകടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തൂപ്ര കേന്ദ്രീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കെണി തയ്യാറാക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

കഴിഞ്ഞ 10 ദിവസങ്ങളായി പുല്‍പ്പള്ളിയിലെ വിവിധ പ്രദേശങ്ങളിലായി ഒന്നിലധികം ആടിനെയാണ് കടുവ കൊന്നത്.

ആടിനെ മാത്രം കൊന്നിരുന്നതിനാല്‍ ആടുകളെ വളര്‍ത്തിയിരുന്ന വീട്ടുകാര്‍ കടുവയുടെ സാന്നിധ്യത്തില്‍ ആശങ്കയിലായിരുന്നു. അമരക്കുനി, ദേവർഗദ്ധ, തൂപ്ര, ഊട്ടിക്കവല മേഖലയിൽ നിന്നായി അഞ്ച് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

കടുവയെ പിടികൂടാനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടത്തോടെ ആര്‍.ആര്‍.ടിയും ഫോറസ്റ്റ് സംഘവും പുല്‍പ്പള്ളിയില്‍ ക്യാമ്പ് ചെയ്തിരുന്നു.

സൗത്ത് വയനാട് ഡി.എഫ്.ഒ, അജിത് കെ. രാമന്‍, ചെതലത്ത് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍ എന്നിവരാണ് കടുവയെ പിടികൂടുന്നതിന് നേതൃത്വം നല്‍കിയത്.

ദിവസങ്ങള്‍ പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതിനെ തുടര്‍ന്ന് വനംവകുപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ കടുവ കൂട്ടില്‍ കുടുങ്ങിയത്.

Content Highlight: The tiger that raised fear in Pulpalli is in the cage