സംഗീതത്തിന് ഭാഷയില്ലെന്ന് പറയാറുണ്ട്. നമ്മള്‍ പലപ്പോഴും ഭാഷ ഏതെന്ന് നോക്കാതെ പാട്ടുകള്‍ ആസ്വദിക്കാറുണ്ട്. അത്തരത്തില്‍ മലയാളികളില്‍ ഇപ്പോള്‍ കെ-പോപ്പിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ബി.ടി.എസും ബ്ലാക്പിങ്കും എക്‌സോയും ന്യൂജീന്‍സും തുടങ്ങി നിരവധി കെ-പോപ്പ് ഗ്രൂപ്പുകള്‍ക്ക് ഇന്ന് മലയാളികള്‍ക്കിടയില്‍ ആരാധകരുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗത്ത് കൊറിയക്കാര്‍ ഒരു മലയാളം പാട്ടും പാടി നടക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?
മലയാളികളുടെ ‘തിത്തിത്താരാ’ എന്ന പാട്ടാണ് കൊറിയക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. അതിന് കാരണം ഒരു കെ-പോപ്പ് ഗായകനും. ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ഇന്ത്യക്കാര്‍ക്ക് പരിചിതനായ അൗറ(Aoora)യാണ് ആ ഗായകന്‍. ഹിന്ദി ബിഗ് ബോസ് 17ല്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായി എത്തിയ കെ-പോപ്പ് ഗായകനായിരുന്നു അൗറ എന്നറിയപ്പെടുന്ന പാര്‍ക്ക് മിന്‍-ജുന്‍.
ഇന്ത്യന്‍ സംസ്‌ക്കാരത്തോട് തനിക്ക് ഏറെ ഇഷ്ടമാണെന്ന് അൗറ തന്നെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമാണ് ‘തിത്തിത്താരാ’ (കുട്ടനാടന്‍ ഡ്രീംസ്). ജൂലൈ 29നായിരുന്നു ഈ ഗാനം പുറത്തിറങ്ങിയത്. യൂട്യൂബില്‍ 2.3മില്യണില്‍ അധികം കാഴ്ചക്കാരെയാണ് ആ മ്യൂസിക്ക് വീഡിയോ നേടിയത്.
കുട്ടനാടന്‍ പുഞ്ചയിലെ എന്ന് തുടങ്ങുന്ന മലയാളികളുടെ പാട്ട് ഒരു കൊറിയക്കാരന്‍ പാടിയതോടെ വലിയ ശ്രദ്ധനേടി. അൗറ ഈയിടെ കൊറിയയിലെ ഒരു സ്‌റ്റേജില്‍ ഈ പാട്ട് പാടുകയും അത് വൈറലാകുകയും ചെയ്തിരുന്നു. ആ വീഡിയോക്ക് താഴെ നിരവധി കെ-പോപ്പ് ആരാധകരാണ് കമന്റുമായി എത്തിയത്.
കൊറിയയിലെ തന്റെ സുഹൃത്തായ മെല്ലോ കിച്ചന്റെയും ഇന്ത്യന്‍ ഗായികയായ സിരീഷ ഭാഗവതുലയുടെയും സഹായത്തോടെയാണ് അൗറ ഈ ഗാനം ആലപിച്ചത്. ‘തിത്തിത്താരാ’യുടെ വീഡിയോ ഷൂട്ട് ചെയ്യാനായി അൗറ 2024 മെയ് മാസത്തില്‍ കേരളത്തില്‍ എത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലാണ് ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ഏകദേശം ഒന്നര മാസത്തോളം സമയമെടുത്താണ് താന്‍ മലയാളം പഠിച്ചതെന്ന് അൗറ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.