വഖഫ് ബില്‍ ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ കാലാവധി നീട്ടിയേക്കും
national news
വഖഫ് ബില്‍ ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ കാലാവധി നീട്ടിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2024, 7:30 pm

ന്യൂദല്‍ഹി: നിലവില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാള സമ്മേളനത്തില്‍ വഖഫ് ബില്‍ പരിഗണിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ച പാര്‍ലമെന്ററി സംയുക്ത സമിതി (ജെ.പി.സി)യുടെ കാലാവധിയും കേന്ദ്ര സര്‍ക്കാര്‍ നീട്ടിയേക്കും. ഇതിനുള്ള നിര്‍ദേശം ഇന്ന് നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ വഖഫ് ബില്‍ പരിഗണിക്കുമെന്ന് ബി.ജെ.പി ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വലിയ തര്‍ക്കങ്ങളിലേക്ക് നയിക്കുകയും കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബില്‍ ചര്‍ച്ച ചെയ്യാനുള്ള ജെ.പി.സി യോഗം ഇന്ന് ചേര്‍ന്നെങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ജെ.പി.സിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരന്നു. തുടര്‍ന്ന് ബി.ജെ.പിയുടെ അംഗമായ നിഷികാന്ത് ദുബെ കാലാവധി നീട്ടുന്നത് സംബന്ധിച്ചുള്ള ശുപാര്‍ശ സ്പീക്കര്‍ക്ക് നല്‍കുകയായിരുന്നു.

നവംബര്‍ 29നകം കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ബില്ലില്‍ തീരുമാനം എടുക്കാന്‍ കമ്മിറ്റി ചെയര്‍പേഴ്സണായ ജഗദാംബിക പാല്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, ഡി.എം.കെയുടെ എ. രാജ, എ.എ.പിയുടെ സഞ്ജയ് സിങ്, ടി.എം.സിയുടെ കല്യാണ് ബാനര്‍ജി എന്നിവര്‍ പ്രതിഷേധിച്ചിരുന്നു.

വഖഫ് ബില്ലിന്റെ പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി, വഖഫ് ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുപകരം ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ട് വരുന്നതെന്നന്നും എ.ഐ.എം.ഐ.എം നേതാവ് ഒവൈസി ആരോപിച്ചു. ഈ ബില്ലിന് പിന്നിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു.

ആഗസ്റ്റ് 22 മുതല്‍ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ആറ് മന്ത്രാലയങ്ങളുടേയും 195 സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സെക്രട്ടേറിയറ്റിന് വഖഫ് ബില്ലുമായി ബന്ധപ്പെട്ട് 95 ലക്ഷം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.

Content Highlight: The tenure of the Joint Parliamentary Committee debating the Waqf Bill may be extended