ഹിന്ദുവല്ലാത്തതിനാല്‍ മന്‍സിയക്ക്‌ വേദി നിഷേധിച്ച് ക്ഷേത്രഭാരവാഹികള്‍; ചാര്‍ട്ട് ചെയ്ത പരിപാടി റദ്ദാക്കി
Kerala News
ഹിന്ദുവല്ലാത്തതിനാല്‍ മന്‍സിയക്ക്‌ വേദി നിഷേധിച്ച് ക്ഷേത്രഭാരവാഹികള്‍; ചാര്‍ട്ട് ചെയ്ത പരിപാടി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 8:21 am

തൃശൂര്‍: ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്ന കലാകാരി ഹിന്ദുവല്ലാത്തതിനാല്‍ ചാര്‍ട്ട് ചെയ്ത പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍.

തൃശൂരിലെ കൂടല്‍മാണിക്യം ഭരതക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന മന്‍സിയ എന്ന കലാകാരിയുടെ ഭരതനാട്യമാണ് ഭാരവാഹികള്‍ റദ്ദാക്കിയിരിക്കുന്നത്.

അഹിന്ദുവായതുകൊണ്ടാണ് ഉത്സവത്തില്‍ നൃത്തം ചെയ്യാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി മന്‍സിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വെച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുകയാണെന്നും മന്‍സിയ കുറിപ്പില്‍ പറയുന്നു.

മന്‍സിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കണ്‍വേര്‍ട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കണ്‍വേര്‍ട്ട് ആവാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം ??

Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം.

Content Highlight: The temple canceled the dance program as the artist was not a Hindu.