| Tuesday, 2nd April 2019, 10:49 am

ഹേ നമോ!! സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും ക്രൂരനായ ഈ തീവ്രവാദിയെ മറക്കരുത്; ഹിന്ദു തീവ്രവാദത്തിന് ഉദാഹരണം ചോദിച്ച മോദിക്ക് ദ ടെലഗ്രാഫിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഹിന്ദു ഭീകരവാദത്തിന് ഒരൊറ്റ ഉദാഹരണമെങ്കിലും നിരത്താമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ദ ടെലഗ്രാഫ് പത്രം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭീകരവാദിയെക്കുറിച്ച് മറക്കരുത് എന്ന് പറഞ്ഞ് നാഥുറാം ഗോഡ്‌സെയുടെ ചിത്രം നല്‍കിയാണ് ടെലഗ്രാഫിന്റെ മറുപടി.

“തീവ്രവാദത്തിന് മതമില്ല. പക്ഷേ, പ്രധാനമന്ത്രീ താങ്കള്‍ ചോദിച്ച സ്ഥിതിക്ക്, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭീകരവാദിയെക്കുറിച്ച് മറക്കരുത്” എന്നു പറഞ്ഞുകൊണ്ടാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം നല്‍കിയത്.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഹിന്ദു ഭീകരവാദത്തിന് ഒരൊറ്റ ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് വെല്ലുവിളിച്ചത്. “ഹേ നമോ വിത്ത് അപ്പോളജീസ് ടു ഹേ റാം” എന്ന തലക്കെട്ടിലാണ് ടെലഗ്രാഫ് മോദിയുടെ പ്രസംഗം റിപ്പോര്‍ട്ടു ചെയ്തത്.

കോണ്‍ഗ്രസ് ഹിന്ദുക്കളെ ഭീകരവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മോദി ഇത്തരമൊരു ചോദ്യമുയര്‍ത്തിയത്.

ഹിന്ദുക്കളെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ക്രൂരമായ പാപമാണ് ചെയ്തതെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസംഗത്തില്‍ 13 തവണയാണ് മോദി ഹിന്ദുവെന്ന വാക്ക് ഉപയോഗിച്ചതെന്നും ദ ടെലഗ്രാഫ് വാര്‍ത്തയില്‍ അക്കമിട്ട് നിരത്തി പറയുന്നു.

അമേഠിക്കു പുറമേ രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് മോദി വര്‍ഗീയ കാര്‍ഡിറക്കി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

“കോണ്‍ഗ്രസ് ഹിന്ദുക്കളെ അവഹേളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് അവര്‍ക്ക് ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമാണ്.” എന്നും മോദി പറഞ്ഞിരുന്നു.

സമാധാനകാംഷികളായ ഹിന്ദുക്കളെ ഭീകരവാദികളാക്കി ആ മതത്തെ പിന്തുടരുന്നവരെ അവഹേളിക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. “ഹിന്ദു ഭീകരവാദം എന്ന വാക്ക് സൃഷ്ടിച്ചതു തന്നെ കോണ്‍ഗ്രസാണ്.” എന്നും മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more