ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും; മോദിയെ വിമര്‍ശിച്ച ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരായ കേന്ദ്ര നടപടിയില്‍ ദി ടെലഗ്രാഫ്
national news
ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും; മോദിയെ വിമര്‍ശിച്ച ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരായ കേന്ദ്ര നടപടിയില്‍ ദി ടെലഗ്രാഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2021, 1:46 pm

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന് കത്തയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ദി ടെലഗ്രാഫ്. ഹൈക്കമ്മീഷണറുടെ കത്തിലെ ഒരു ഭാഗവും ദി ഓസ്‌ട്രേലിയന്‍ പത്രറിപ്പോര്‍ട്ടിലെ ഒരു ഭാഗവും പ്രസിദ്ധീകരിച്ച് ഇന്ത്യയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ചിത്രത്തിനോടൊപ്പമാണ് ദി ടെലഗ്രാഫിന്റെ മറുപടി.

‘ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

നേരത്തെ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശിച്ചിരുന്നു. മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്ട്രേലിയന്റെ ലേഖനം.

കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്ക്കെതിരെ ദി ഓസ്ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.


മോദിയുടെ അമിത ആത്മവിശ്വാസവും അതിദേശീയതാവാദവും വാക്സിന്‍ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കാതെ സാമ്പത്തികരംഗത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതും ലേഖനത്തില്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.

ഇതോടെ പത്രത്തിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു.

അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്.

മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈകമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു.

നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദി ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The Telegraph on The Australian Daily Narendra Modi Indian High Commissioner