കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുന്നതെന്ന് ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍. യു.പിയില്‍ ഇടതുപക്ഷത്തിന്റെ അഭാവം തന്നെയാണ് അവിടുത്തെ പ്രശ്‌നമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇടത് ആശയങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ പഠിപ്പിക്കേണ്ടതില്ല. 30 വര്‍ഷത്തോളം ഭരിച്ചതിന് ശേഷം ജനങ്ങളുടെ പള്‍സ് അറിയാന്‍ കഴിയാതെ പോയതാണ് ബംഗാളില്‍ സി.പി.ഐ.എമ്മിന് സംഭവിച്ചത്. ബംഗാളില്‍ 2006ല്‍ വലിയ ഭൂരിക്ഷത്തില്‍ അധികാരത്തിലെത്തിയ സ.പി.ഐ.എമ്മിന് 2009ല്‍ വലിയ തോല്‍വിയുണ്ടാകുമെന്ന് ആരും കരുതിയില്ല. ജനങ്ങളുടെ പള്‍സ് അറിയാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.
കെ റെയില്‍ സമരങ്ങളുടെ പശ്ചാതലത്തില്‍ കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. നന്ദിഗ്രാമില്‍ മതപരമായ ഒരു പ്രശ്‌നം കൂടിയുണ്ടായിരുന്നു. നന്ദിഗ്രാം നടക്കുന്ന സമയത്ത് അവിടുത്തെ ഇടതുപക്ഷക്കാര്‍ സര്‍ക്കാരിനെതിരെയായി നിന്നു എന്നതാണ് പ്രധാന പ്രശ്‌നം. അങ്ങനെ സംഭവിക്കുന്നത് സി.പി.ഐ.എം ശരിക്കും പേടിക്കേണ്ടതുണ്ട്.