കൊല്‍ക്കത്ത: ഗുജറാത്ത് കലാപത്തിന്റെ ഇര കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ പടം ഒന്നാം പേജില്‍ നല്‍കി ദ ടെലഗ്രാഫ് ദിനപത്രം.
മിസ്റ്റര്‍ മോദി, ഈ ഭീകര ദിവസത്തെ നിങ്ങള്‍ എന്തുവിളിക്കും എന്ന തലക്കെട്ടോടെയാണ് കൈകൂപ്പി നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ പടം ടെലഗ്രാഫ് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ ഭീകരതയും ആഘാതവും തുറന്നുകാട്ടുന്ന ചിത്രമാണിതെന്ന് ചിത്രത്തിന്റെ വിവരണത്തില്‍ പറയുന്നു. കൂടുതലായും മുസ്‌ലിങ്ങളായിരുന്നു ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടത്.
ഭയന്നുവിറച്ച് നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം 2002 മാര്‍ച്ചില്‍ ആണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
ആഗസ്ത് 14 വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനുള്ള മറുപടിയായാണ് പത്രം ഈ ചിത്രം നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടായത്.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്നും മോദി പഞ്ഞിരുന്നു.
മോദിയുടെ പ്രഖ്യാപനം വലിയരീതിയിലുള്ള വിവാദത്തിന് വഴിയൊരുക്കിയിരുന്നു.