| Friday, 13th September 2024, 8:47 am

പള്ളിയില്‍ നിസ്‌കരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തെ തെലങ്കാന ഹൈക്കോടതി ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാനുള്ള അവകാശത്തെ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. പ്രാര്‍ത്ഥനക്കുള്ള സ്ത്രീകളുടെ ഈ അവകാശം നടപ്പിലാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് അലോക് ആരാധേ, ജസ്റ്റിസ് ജെ. ശ്രീനിവാസ് റാവു എന്നിവരാണ് ഹരജി പരിഗണിച്ചത്. ഇബാദത്ത് ഖാന ഇ ഹുസൈനിയുടെ മുതവല്ലി കമ്മിറ്റി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചായിരുന്നു കോടതി വിധി.

അക്ബരി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാനുള്ള അവകാശത്തെ മുതവല്ലി കമ്മിറ്റി നിഷേധിച്ചിരുന്നു. കമ്മിറ്റിയുടെ പ്രവേശന വിലക്കിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇ അലവി ഷിയ ഇമാമിയ ഇത്‌നാ അശാരി അക്ബരിയാണ് ആദ്യമായി കോടതിയെ സമീപിച്ചത്.

അക്ബരിയുടെ ഹരജിയില്‍ സിംഗിള്‍ ജഡ്ജി ബെഞ്ച് സ്ത്രീകള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ മുതവല്ലി കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുകയായിരുന്നു.

നിലവില്‍ മുതവല്ലി കമ്മിറ്റി പ്രതികൂലമായാണ് തെലങ്കാന ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. പള്ളികളിലെ സ്ത്രീകളുടെ പ്രവേശനം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതും മുതവല്ലിയ്ക്ക് തിരിച്ചടിയായി.

സ്ത്രീകള്‍ക്ക് ഇബാദത്ത്ഖാനയിലേക്ക് പ്രവേശനം അനുവദിക്കുന്ന ഖുറാന്‍ സൂക്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സിംഗിള്‍ ജഡ്ജി ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

സിംഗിള്‍ ബെഞ്ച് പരിഗണിച്ച റിട്ട് ഹരജിയില്‍ ഇരുപക്ഷവും സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പള്ളിക്കുള്ളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവാദമില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദമുയര്‍ത്തി.

ആദ്യ വിധിയിലെ മതപരമായ ഈ വ്യാഖ്യാനങ്ങളെ നീക്കം ചെയ്തുകൊണ്ട്, സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പള്ളിയില്‍ പ്രത്യേക സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി മസ്ജിദ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlight: The Telangana High Court upheld the right of Muslim women to pray in mosques

Latest Stories

We use cookies to give you the best possible experience. Learn more