ഇസ്‌ലാമാബാദ്: പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) ഏറ്റെടുത്തു. ടി.ടി.പി വക്താവ് മുഹമ്മദ് ഖൊറസാനിയാണ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് ഇത് വെളിപ്പെടുത്തിയത്. ആറ് ചാവേര്‍ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും ഖൊറസാനി അറിയിച്ചു.
വടക്കന്‍ വസീരിസ്ഥാന്‍ മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്നും തെഹ്‌രിക് ഇ താലിബാന്‍ വക്താവ് പറഞ്ഞു. സ്‌കൂളിലെ വലിയകുട്ടികള്‍ക്കുനേരെ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും തീവ്രവാദി നേതാവ് കൂട്ടിച്ചേര്‍ത്തു.
പെഷവാറിലുണ്ടായ ആക്രമണത്തില്‍ നൂറിലേറെ വിദ്യാര്‍ത്ഥിളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളടക്കം 130 പേരെ വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 128 പേരും വിദ്യാര്‍ത്ഥികളാണ്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ വടക്കന്‍ വസീരിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍.