| Tuesday, 6th June 2023, 6:52 pm

സാങ്കേതികപ്പിഴവ് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചതാണ്; ആര്‍ഷോക്കെതിരെ നടക്കുന്നത് വലതുപക്ഷ മാധ്യമങ്ങളുടെ വ്യാജ പ്രചരണം: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്കെതിരെ പ്രചരിക്കുന്നത്‌ വ്യാജ വാര്‍ത്തയാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ ആര്‍ഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നതെന്ന് എസ്.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് എസ്.എഫ്.ഐ പറഞ്ഞു. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ആര്‍ഷോക്കെതിരെ വലതുപക്ഷവും അവര്‍ക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ സ. പി.എം. ആര്‍ഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. ഇവ ഓരോന്നിനെയും വസ്തുതകള്‍ അണിനിരത്തി എസ്.എഫ്.ഐ ചെറുത്തു തോല്‍പ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയര്‍ത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ സഖാവ് പി.എം. ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവര്‍ക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്.

പരീക്ഷയിലെ മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടല്‍ ക്രെഡിറ്റ് പോയന്റ്, സെമസ്റ്റര്‍ ക്രെഡിറ്റ് പോയന്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികപ്പിഴവ്മൂലം ‘passed’ എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചിട്ട് പോലും വാര്‍ത്ത പിന്‍വലിക്കുന്നതിനോ ശരിയായ വാര്‍ത്ത നല്‍കുന്നതിനോ ഇതുവരെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ലെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി.

‘ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് ലഭിച്ച ഒരാള്‍ പാസ് ആകില്ല എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററാണ്(nic) മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാറുള്ളത്.

എന്‍.ഐ.സിക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ തന്നെ വിശദീകരിച്ചിട്ട് പോലും വാര്‍ത്ത പിന്‍വലിക്കുന്നതിനോ ശരിയായ വാര്‍ത്ത നല്‍കുന്നതിനോ ഇതുവരെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ഇതില്‍നിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാര്‍ത്ത നല്‍കി തകര്‍ക്കുകയാണ് എന്നുള്ളത് വ്യക്തമാണ്.

കെ.എസ്.യുവിന്റെ ഏതെങ്കിലും യൂണിറ്റ് നേതാവ് നല്‍കുന്ന ബൈറ്റ് പൊക്കിപ്പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ജേര്‍ണലിസം കോഴ്‌സ് ചെയ്തിരുന്ന കാലത്ത് പഠിച്ച പുസ്തകങ്ങള്‍ ഒരിക്കല്‍കൂടി പൊടിതട്ടിയെടുത്ത് മാധ്യമങ്ങളുടെ ധാര്‍മികത എന്ന പാഠഭാഗം വായിച്ച് നോക്കുന്നത് നന്നാകും,’ എസ്.എഫ്.ഐ പറയുന്നു.

ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായതായുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍പ്പെട്ടിരുന്നു. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് മാറ്റി പ്രസിദ്ധീകരിച്ചിരുന്നു. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താന്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും മാര്‍ക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആര്‍ഷോയും പറഞ്ഞിരുന്നു. പരീക്ഷ നടന്നത് ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാവാത്ത സമയത്തായിരുന്നുവെന്നും മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷയും എഴുതിയില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ. പി.എം ആര്‍ഷോക്കെതിരായ വ്യാജവാര്‍ത്ത തള്ളിക്കളയുക: എസ്.എഫ്.ഐ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ സ. പി.എം ആര്‍ഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. ഇവ ഓരോന്നിനെയും വസ്തുതകള്‍ അണിനിരത്തി എസ്.എഫ്.ഐ ചെറുത്തു തോല്‍പ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയര്‍ത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ സഖാവ് പി.എം ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവര്‍ക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്.

പരീക്ഷയിലെ മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടല്‍ ക്രെഡിറ്റ് പോയന്റ്, സെമസ്റ്റര്‍ ക്രെഡിറ്റ് പോയന്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികപ്പിഴവ്മൂലം ‘passed’ എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് ലഭിച്ച ഒരാള്‍ പാസ് ആകില്ല എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററാണ്(nic) മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാറുള്ളത്.

NIC ക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ തന്നെ വിശദീകരിച്ചിട്ട് പോലും വാര്‍ത്ത പിന്‍വലിക്കുന്നതിനോ ശരിയായ വാര്‍ത്ത നല്‍കുന്നതിനോ ഇതുവരെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ഇതില്‍നിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാര്‍ത്ത നല്‍കി തകര്‍ക്കുകയാണ് എന്നുള്ളത് വ്യക്തമാണ്.

കെ.എസ്.യുവിന്റെ ഏതെങ്കിലും യൂണിറ്റ് നേതാവ് നല്‍കുന്ന ബൈറ്റ് പൊക്കിപ്പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ജേര്‍ണലിസം കോഴ്‌സ് ചെയ്തിരുന്ന കാലത്ത് പഠിച്ച പുസ്തകങ്ങള്‍ ഒരിക്കല്‍കൂടി പൊടിതട്ടിയെടുത്ത് മാധ്യമങ്ങളുടെ ധാര്‍മികത എന്ന പാഠഭാഗം വായിച്ച് നോക്കുന്നത് നന്നാകും.

സഖാവ് പി.എം ആര്‍ഷോക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങളെ വസ്തുതാപരമായി പരിശോധിച്ച് സത്യം മനസ്സിലാക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തയ്യാറാവണം. എസ്.എഫ്.ഐ നേതാക്കളെ വ്യക്തിപരമായി ലക്ഷ്യംവെച്ച് വലതുപക്ഷ – മാധ്യമ നെക്‌സസ് നടത്തുന്ന ആക്രമണങ്ങളെ വിദ്യാര്‍ത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി സംഘടന ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

CONTENT HIGHLIGHT: The technical fault was explained by the principal; False propaganda by right-wing media against Arshaw: SFI

We use cookies to give you the best possible experience. Learn more