|

വിക്രം നായകനായി സൂര്യപുത്ര കര്‍ണ വരുന്നു; ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രത്തിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കര്‍ണയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട് ടീസറില്‍.

പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. വന്‍ പ്രഖ്യാപനം അടക്കം നടന്ന ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആര്‍.എസ്. വിമല്‍. തുടര്‍ന്ന് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിന്നീട് കൊവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. ഇതിനു പിന്നാലെ കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താതാണ് അഭ്യൂഹത്തിന് ഇടവരുത്തിയത്.

എന്നാല്‍ കൊവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കിലായതാണ് ചിത്രീകരണം വൈകുന്നതിന് കാരണമെന്നും ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും ആര്‍.എസ്. വിമല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും നടന്‍ വിക്രമും പ്രതികരിച്ചിരുന്നു.

എന്ന് നിന്റെ മോയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം വിക്രം നായകനായി എത്തുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 24നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Content Highlight: The teaser of Suryaputra Karna directed by RS Vimal is out