മദ്യപ സംഘത്തില്‍ നകുലന്റെ ഡബ്‌സ്മാഷ്; നന്‍പകല്‍ നേരത്ത് മയക്കം ടീസര്‍
Film News
മദ്യപ സംഘത്തില്‍ നകുലന്റെ ഡബ്‌സ്മാഷ്; നന്‍പകല്‍ നേരത്ത് മയക്കം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th July 2022, 8:29 pm

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍ പുറത്ത്. മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണുന്നത്.

ഒരു മിനിട്ട് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മുഴുവന്‍ ഈ ഡബ്‌സ്മാഷ് സ്റ്റൈലിലാണ് പോകുന്നത്. മുമ്പ് പുറത്ത് വന്ന ടീസറും വ്യത്യസ്തമായ ശൈലിയിലാണ് ഒരുക്കിയിരുന്നത്. പേര് പോലെ അക്ഷരാര്‍ത്ഥത്തില്‍ പകല്‍ സമയം ഉറങ്ങുന്ന കുറച്ച് മനുഷ്യരായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

 

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ്‌നാട്ടില്‍ നടക്കുന്ന കഥയായതിനാലാണ് ചിത്രത്തിന് തമിഴ് പേര് നല്‍കിയിരിക്കുന്നത്.

എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

Content Highlight: The teaser of Lijo Jose Pellissery’s Mammootty collaboration nanpakal nerathu mayakkam