ആന്റണി ടീസര്‍ എത്തുന്നത് ലിയോയ്‌ക്കൊപ്പം
Film News
ആന്റണി ടീസര്‍ എത്തുന്നത് ലിയോയ്‌ക്കൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th October 2023, 5:27 pm

”പാപ്പന്‍” എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന ”ആന്റണി”യുടെ ടീസര്‍ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യ്‌ക്കൊപ്പം ഒക്ടോബര്‍ 19ന് പുറത്തിറങ്ങും. ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗര്‍വാളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നവംബര്‍ 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് മുന്‍പ് ജോജുവിനേയും ചെമ്പന്‍ വിനോദിനേയും നൈല ഉഷയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ”പൊറിഞ്ചു മരിയം ജോസ്” എന്ന ചിത്രത്തിന് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കിട്ടിയത്.

വീണ്ടുമൊരു ജോഷി സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ജോജു ജോര്‍ജ് പറഞ്ഞു. ഒരു പാന്‍ ഇന്ത്യന്‍ ജോഷി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു. അസാധാരണവും വ്യത്യസ്തവുമായിരിക്കും ഈ ചിത്രമെന്നും കല്യാണി പറഞ്ഞു.

രണദീവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റര്‍ ശ്യാം ശശിധരന്‍, ക്രിയേറ്റിവ് കോണ്‍ട്രിബ്യുട്ടര്‍ ആര്‍.ജെ. ഷാന്‍.

Content Highlight: The teaser of ‘Anthony’ will be released on October 19 along with ‘Leo’