കാബൂള്‍: 1971ലെ യുദ്ധത്തിന് ശേഷം ഇന്ത്യക്ക് കീഴടങ്ങിക്കൊണ്ട് പാകിസ്ഥാന്‍ ജനറല്‍ ഒപ്പ് വെക്കുന്ന ചിത്രം പങ്കുവെച്ച് പരിഹാസവുമായി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ തെഹാരിക് ഇ താലിബാന്‍ പാകിസ്ഥാന്റെ(ടി.ടി.പി) ഒളിത്താവളങ്ങള്‍ക്കെതിരെ സൈനിക നടപടിയെടുക്കുമെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല നടത്തിയതിന് പിന്നാലെയാണ് താലിബാന്റെ ട്വീറ്റ്.
ഇന്ത്യക്കെതിരായ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം കിഴക്കന്‍ പാകിസ്ഥാന്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ആര്‍മിയുടെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുല്ല കാന്‍ നിയാസി ഇന്ത്യയുമായി ഒപ്പുവെച്ച ഉടമ്പടിയുടെ ചിത്രമാണ് താലിബാന്‍ നേതാവ് അഹമ്മദ് യാസീര്‍ ട്വീറ്റ് ചെയ്തത്. ടി.ടി.പിക്കെതിരെ നീങ്ങിയാല്‍ ‘ലജ്ജാകരമായ’ വിധി വീണ്ടും നേരിടേണ്ടി വരുമെന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
‘ഇത് അഫ്ഗാനിസ്ഥാനാണ്, പ്രൗഢ സാമ്രാജ്യങ്ങളുടെ ശ്മശാനം. ഞങ്ങള്‍ക്ക് മേല്‍ ഒരു സൈനിക ആക്രമണത്തിന് മുതിരരുത്. അല്ലെങ്കില്‍ ഇന്ത്യയുമായി മുമ്പ് നടത്തിയ നാണംകെട്ട സൈനിക കരാര്‍ നിങ്ങള്‍ക്ക് വീണ്ടും ആവര്‍ത്തിക്കേണ്ടി വരും,’ ഉറുദുവില്‍ എഴുതിയ കുറിപ്പില്‍ യാസിര്‍ പറഞ്ഞു.
രാജ്യത്തിന് ഭീഷണിയാണെങ്കില്‍ അതിനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന് അധികാരമുണ്ടെന്നാണ് റാണ സനാഉല്ല പറഞ്ഞത്. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അവരുടെ ഉദ്യേഗസ്ഥര്‍ അഭിപ്രായം പറയുമ്പോല്‍ ജാഗ്രത പാലിക്കണമെന്നും സനാഉല്ലക്ക് മറുപടിയായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദും പറഞ്ഞിരുന്നു.
‘ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അക്രമണം നടത്താനുള്ള അവകാശമില്ല. ലോകത്ത് അത്തരമൊരു ലംഘനം അനുവദിക്കുന്ന നിയമമില്ല. അത്തരത്തിലുള്ള ആശങ്ക ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് ഇസ്‌ലാമിക് എമിറേറ്റുമായി പങ്കുവെക്കേണ്ടതാണ്,’ സബിയുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
Content Highlight: the Taliban shared a picture of a Pakistani general signing his surrender to India