കാബൂള്‍: ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുകയെന്ന് താലിബാന്‍. തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിന്റെ പരമോന്നത നേതാവിന്റെതായി പുറത്ത് വന്ന പ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്.
താലിബാന്റെ ആത്മീയ ഗുരു ഹിബത്തുള്ള അഖുന്ദ്‌സാദയുടെ ആസ്ഥാനമായ കാണ്ഡഹാറില്‍ ഏകദേശം 3000 ഗോത്ര നേതാക്കന്മാരും ഉദ്യോഗസ്ഥരും മത പണ്ഡിതരും ഒത്തുകൂടിയിരുന്നു. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം നടക്കുന്ന രണ്ടാമത്തെ സമ്മേളനമാണിത്.
‘അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ മുജാഹിദീനുകളുടെ രക്തത്തില്‍ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യത്തെ പറ്റി ചിന്തിക്കാനാണ് ഈ മീറ്റിങ്. ശരീ അത്ത് നിയമപ്രകാരം അന്താരാഷ്ട്ര സമൂഹവുമായി നമ്മള്‍ സഹകരിക്കുന്നതായിരിക്കും, ഇനി ശരീഅത്ത് നിയമം അത് അനുവദിക്കുന്നില്ലെങ്കില്‍ നാം ഒരു രാജ്യവുമായും സഹകരിക്കില്ല,’ അഖുന്ദ്‌സാദ പറഞ്ഞു.
നിലവില്‍ ഒരു വിദേശ രാജ്യവും താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇതിന് പുറമേയുള്ള ഉപരോധങ്ങളും അന്താരാഷ്ട്ര സഹായങ്ങള്‍ നിര്‍ത്തലാക്കിയതും താലിബാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാനും പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പ്രവേശനം അനുവദിക്കുവാനും നിരവധി അന്താരാഷ്ട്ര ശക്തികള്‍ താലിബാന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
സ്തംഭനാവസ്ഥയിലായ രാജ്യത്തിന്റെ ബാങ്കിംങ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും മരവിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ആസ്ഥികള്‍ വീണ്ടെടുക്കുന്നതിനും യു.എസ്. നയതന്ത്രഞ്ജരുമായി താലിബാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് നിരവധി തടസങ്ങള്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Content Highlight: The Taliban’s spiritual leader says that cooperation with the international community is in accordance with Sharia law