| Friday, 3rd December 2021, 11:49 pm

പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിക്കില്ല, എന്നാല്‍ വിദ്യാഭ്യാസത്തെയും ജോലിയേയും പറ്റി ചോദിക്കരുത്; 'സ്തീകളുടെ അവകാശങ്ങള്‍' പറഞ്ഞ് താലിബാന്റെ പുതിയ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. താലിബാന്റെ സുപ്രീംലീഡറായ ഹിബാത്തുല്ല അഖുന്ദ്‌സാദയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പെണ്‍കുട്ടികളുടെ വിവാഹത്തേയും വിധവകളുടെ അവകാശങ്ങളേയുമാണ് ഉത്തരവില്‍ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹത്തിനുള്ള മിനിമം പ്രായത്തെക്കുറിച്ച് ഉത്തരവില്‍ പറഞ്ഞിട്ടില്ല. മുന്‍പ് ഇത് 16 വയസായായിരുന്നു.

വിധവകള്‍ക്ക് തങ്ങളുടെ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ”സ്ത്രീകളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യാന്‍ വിവിധ സംഘടനകളോട് ഇസ്‌ലാമിക് എമിറേറ്റിന്റെ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്,” ഉത്തരവില്‍ പറയുന്നു.

അതേസമയം പെണ്‍കുട്ടികളുടെ സെക്കന്ററി വിദ്യാഭ്യാസം സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകള്‍ തൊഴിലെടുക്കുന്നതിനെക്കുറിച്ചും പറയുന്നില്ല.

യു.എസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിന്മാറിയതിന് പിന്നാലെയായിരുന്നു ഓഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അഫ്ഗാന്റെ പല സ്വത്തുവകകളും കൈകാര്യം ചെയ്യുന്നതിന് താലിബാന് അനുമതിയില്ല.

അമേരിക്കന്‍ സൈന്യത്തിന്റെ കീഴില്‍ അഫ്ഗാന് മറ്റ് പല രാജ്യങ്ങളും നല്‍കി വന്നിരുന്ന സാമ്പത്തികസഹായങ്ങളും താലിബാന്‍ അധികാരത്തിലേറിയതോടെ നിര്‍ത്തലാക്കിയിരുന്നു. ഇതോടെ താലിബാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകളെ ബഹുമാനിക്കുന്ന, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ പല സാമ്പത്തികസഹായങ്ങളും പുനസ്ഥാപിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് താലിബാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The Taliban decree says, they are banning forced marriage of women

We use cookies to give you the best possible experience. Learn more