ബെംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 10 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ഉച്ചയ്ക്ക് 12.30ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ജി. പരമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഖെ, കെ.ജെ ജോര്‍ജ്, എന്‍.എ ഹാരിസ്, കെ.എച്ച് മുനിയപ്പ, എം.ബി പാട്ടീല്‍, സമീര്‍ അഹമ്മദ് ഖാന്‍, രാമലിംഗ റെഡ്ഡി എന്നീ എട്ട് പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
കര്‍ണാടകയില്‍ പുതിയതും ശക്തവുമായ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ഇന്ന് രാവിലെ എ.എന്‍.ഐയോട് പറഞ്ഞു. ഇത് കര്‍ണാടകക്ക് ഗുണം ചെയ്യുമെന്നും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഖാര്‍ഗെ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി ഇതര നേതാക്കളെ കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
മമതാ ബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കും. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍ ഡി. രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നിലവില്‍ എന്‍.ഡി.എക്ക് ഒപ്പമുള്ള പുതുച്ചേരി മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ലാത്തത് ശ്രദ്ധേയമാണ്.