| Sunday, 18th September 2022, 4:13 pm

പോപുലര്‍ ഫ്രണ്ട് പരിപാടിയില്‍ പരിശീലനം നല്‍കിയ ഫയര്‍ ഓഫീസറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പോപുലര്‍ ഫ്രണ്ട് പരിപാടിയില്‍ പരിശീലനം നല്‍കിയതിന്റെ പേരില്‍ സസ്പെന്‍ഷനായിരുന്ന എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്. ജോഗിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജോഗിക്ക് നേരത്തെ അനുകൂലമായി ഉത്തരവ് നല്‍കിയിരുന്നു. ഇതുചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസില്‍ തിരികെയെടുക്കാനുള്ള തീരുമാനം.

വിഷയത്തില്‍ ജോഗിയെ കൂടാതെ റീജിയണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷൈജുവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഫയര്‍മാന്‍മാരായ ബി. അനിഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സ് ഔദ്യോഗികമായി പരിശീലനം നല്‍കിയതാണ് സസ്‌പെന്‍ഷന് കാരണമായത്. കഴിഞ്ഞ മാര്‍ച്ച് മുപ്പതിനായിരുന്നു ആലുവ ടൗണ്‍ ഹാളില്‍വച്ച് പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്‌നിരക്ഷാസേന പരിശീലനം നടത്തിയത്.

പോപുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അപകടത്തില്‍നിന്ന് ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയിരുന്നത്.

CONTENT HIGHLIGHTS:  The suspension of the fire officer trained in the Popular Front program has been lifted

We use cookies to give you the best possible experience. Learn more