തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. നാളെ മുതലാണ് ദക്ഷിണ റെയില്‍വേ
സര്‍വീസുകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ച കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ചില ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ലോക്ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. എന്നാല്‍ ചില ദീര്‍ഘദൂര സര്‍വീസ് തുടര്‍ന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.
അതേസമയം, സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത് അനുസരിച്ച് പ്രാദേശികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പരിപാടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ജൂണ്‍ 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുക, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതികളുമാണ് നടപ്പാക്കുന്നത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സാഹചര്യം കണക്കിലെടുത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് തരം തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
CONTENT HIGHLIGHTS: The suspended train service will resume from tomorrow in state