തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര പരാതി. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് പരാതി. വൃക്ക മാറ്റിവെച്ച രോഗി മരിച്ചു. 54കാരനാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്നലെയാണ് വൃക്ക എത്തിച്ചത്.
കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് പരാതി.
വൃക്ക കൃത്യം അഞ്ചരയോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെന്നും എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകിയതാണ് ഈ വീഴ്ചയ്ക്ക് കാരണമെന്നാണ് പരാതി.
അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു.
നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെയാണ് രോഗിക്ക് അനുയോജ്യമായ വൃക്ക ലഭിച്ചത്.
അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടു.
Content Highlights: the surgery was delayed by four hours, Serious complaint against Thiruvananthapuram Medical College Hospital