ന്യൂദല്‍ഹി: ഹാന്‍ഡ്ബുക്കിലെ ഗ്ലോസ്സറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ‘ലൈംഗിക തൊഴിലാളി’ എന്ന പദം ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് സുപ്രീംകോടതി. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ ചെറുക്കുന്നതിനായി കടത്തപ്പെട്ട ഇര, അതിജീവിച്ചവര്‍, വാണിജ്യ ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതരായ സ്ത്രീ എന്നീ പ്രയോഗങ്ങള്‍ ഉപയോഗിക്കുമെന്നും ഹാന്‍ഡ്ബുക്കില്‍ ഉള്‍പെടുത്തുമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ മനുഷ്യക്കടത്ത് തടയാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതിയുടെ തീരുമാനം. പുതിയ തീരുമാനങ്ങള്‍ ഉള്‍പെടുത്തിയ രേഖാമൂലമുള്ള ഇമെയില്‍ കോടതിയുടെ ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ചതായി എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹാന്‍ഡ്ബുക്കില്‍ ഹൂക്കറും, വേശ്യയും പോലുള്ള വാക്കുകള്‍ ലൈംഗികത്തൊഴിലാളിയാണെന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും ഇത് മറ്റൊരു രീതിയില്‍ ലിംഗ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ എന്‍.ജി.ഒ ചൂണ്ടിക്കാട്ടി. ഗ്ലോസ്സറിയിലെ പദങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും എന്‍.ജി.ഒ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് വാണിജ്യപരമായ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ഉണ്ടാകുമെന്നും അവരുടെ തൊഴിലിനെ തങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ലൈംഗിക തൊഴിലാളിയെന്ന് പൊതുവായി ഉപയോഗിക്കുമ്പോള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ടെന്ന് എന്‍.ജി.ഒ ചൂണ്ടിക്കാട്ടി.
ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും ലൈംഗിക തൊഴില്‍ ചെയ്യണ്ടി വരുന്ന സ്ത്രീകളുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹം നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍.ജി.ഒ സൂചിപ്പിച്ചു.