ബി.ബി.സി ഡോക്യുമെന്ററി ഇപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കാതെ വിലക്കില്‍ ഉത്തരവില്ല: സുപ്രീം കോടതി
India
ബി.ബി.സി ഡോക്യുമെന്ററി ഇപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കാതെ വിലക്കില്‍ ഉത്തരവില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 10:54 am

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ ഉടനെ ഉത്തരവിറക്കില്ലെന്ന് സുപ്രീം കോടതി.ബി.സി ഡോക്യുമെന്ററി ഇപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കില്ലെന്നും വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ വിലക്കിനെതിരെ ദ ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്റര്‍ എന്‍. റാം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവര്‍ സംയുക്തമായും അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ ഒറ്റയ്ക്കും സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതി പരിശോധിച്ചത്.

വിലക്കിനെതിരെയുള്ള ഹരജികള്‍ അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യങ്ങള്‍ തള്ളിയ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ച് കേസ് ഏപ്രിലിലേക്ക് മാറ്റിവെച്ചു. ഹരജിക്കാര്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.

ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സി.യു. സിങ് വാദം തുടരുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയിലേക്ക് പോകാതെ സുപ്രീം കോടതിയിലേക്ക് എന്തുകൊണ്ട് വന്നു എന്ന് ജസ്റ്റിസ് ഖന്ന ചോദിച്ചു.

ഐ.ടി നിയമപ്രകാരം നടത്തിയ വിലക്ക് സുപ്രീകോടതിക്ക് മുമ്പാകെയാണ് പരിശോധിക്കുന്നതെന്ന് മറുപടി നല്‍കിയ സിങ്, വിലക്ക് 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്ന് വാദിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രഹസ്യ ഉത്തരവുകളും അതുമായി ബന്ധപ്പെട്ട രേഖകളും സുപ്രീംകോടതിക്ക് മുമ്പാകെ വെക്കണമെന്നും സി.യു. സിങ് ആവശ്യപ്പെട്ടു.

തുടര്‍ന്ന്, ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തിനോട് കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

ജനുവരി 20നാണ് യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നും വിവാദ ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഡോക്യുമെന്ററി രാജ്യത്തെ ഐക്യവും അഖണ്ഡതയും തകര്‍ക്കുമെന്നും, മറ്റ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യുമെന്ററിയാണ് ഇന്ത്യയില്‍ ബാന്‍ ചെയ്തത്. പിന്നാലെ ഡോക്യുമെന്ററി കണ്ടെന്ന പേരില്‍ നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

Content Highlight: The Supreme Court will not immediately pass an order on the ban imposed by the central government on the BBC documentary