മുംബൈ: കാര്‍ പാര്‍ക്കിങ്ങിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ആരെ വനമേഖലയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. നിയമ വിദ്യാര്‍ഥി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാവിലെ പത്തു മണിക്കാണ് ഹരജി പരിഗണിക്കുന്നത്. മെട്രോ കോച്ച് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹരജി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് എം.എം.സി.എല്‍ അധികൃതര്‍ ആരെ വനത്തില്‍ മരം മുറിക്കാന്‍ തുടങ്ങിയത്. ശനിയാഴ്ച വരെ 200 ഓളം മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു.
കാര്‍ പാര്‍ക്കിന്റെ നിര്‍മാണത്തിനായി 2000ത്തോളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
മരങ്ങള്‍ മുറിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശക്തമായ പൊലീസ് സന്നാഹത്തെയാണ് വന മേഖലയില്‍ വിന്യസിച്ചിരുന്നത്. വിനോദ സഞ്ചാരികളെ പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ആരെ വനമേഖല അറിയപ്പെടുന്നത് മുംബൈയുടെ ശ്വാസകോശം എന്നാണ്. ഇത് മുറിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ദേശീയ ഹരിത ട്രിബൂണല്‍ ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് മരം മുറിക്കാനുള്ള എംഎംആര്‍സിയുടെ പെട്ടെന്നുള്ള തീരുമാനമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒക്ടോബര്‍ 10 നാണ് ദേശീയ ഹരിത ട്രിബൂണല്‍ കേസ് പരിഗണിക്കാനിരിക്കുന്നത്.