| Tuesday, 5th November 2024, 12:18 pm

യോഗി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2004ലെ ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച് സുപ്രീം കോടതി. യു.പിയിലെ മദ്രസ വിദ്യാഭ്യാസനയം നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

മദ്രസ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതല്ലെന്നും കോടതി പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതിയുടെ നടപടി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി ബി.ജെ.പി സര്‍ക്കാരിനും ബാലാവകാശ കമ്മീഷനും വലിയ തിരിച്ചടിയാണ്.

അടുത്തിടെ സംസ്ഥാന സര്‍ക്കാരുകള്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കുന്ന ഒന്നായിരുന്നില്ല.

നിലവില്‍ 2004ലെ യു.പി മദ്രസ വിദ്യാഭ്യാസനയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്. 2024 ഏപ്രിലില്‍ ഹൈക്കോടതി വിധി താത്കാലികമായി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മദ്രസ വിദ്യാഭ്യാസനയം ശരിവെച്ചത്.

മദ്രസകളിലെ വിദ്യാഭ്യാസം ആറ് മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പതിനായിരത്തോളം മദ്രസാ അധ്യാപകരും 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അരക്ഷിതാവസ്ഥയിലായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ 16,513 അംഗീകൃത മദ്രസകളുണ്ട്. അതില്‍ 560 എണ്ണം സര്‍ക്കാരിന്റെ സഹായത്താലും 8,400ലധികം മദ്രസകള്‍ ഔദ്യോഗിക അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുന്നവയുമാണ്. അംഗീകൃത മദ്രസകളില്‍ 19.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. മറ്റു മദ്രസകളില്‍ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികളും.

അതേസമയം ഹൈക്കോടതി വിധിക്ക് പിന്നാലെ മദ്രസകള്‍ക്കെതിരെ യു.പി സര്‍ക്കാര്‍ നടപടിയെടുത്തു. സംസ്ഥാനത്ത് 4000 മദ്രസകള്‍ വിദേശ ധനസഹായം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യോഗി സര്‍ക്കാര്‍ എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ലഭിക്കുന്ന ധനസഹായം മദ്രസകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.

ഹൈക്കോടതി മദ്രസ വിദ്യാഭ്യാസനയം റദ്ദാക്കുന്നതിന് മുന്നോടിയായി തന്നെ മദ്രസകളെ ലക്ഷ്യമിട്ട് യോഗി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Content Highlight: The Supreme Court upheld the Madrasa Education Policy of 2004 in uttar pradesh

We use cookies to give you the best possible experience. Learn more