കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
national news
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 5:09 pm

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍.ജി കാര്‍ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 20 (ചൊവ്വാഴ്ച)ന് കേസില്‍ വാദം കേള്‍ക്കും.

ഇന്ന് ഉച്ചയ്ക്ക് 1.03നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ അന്വേഷണത്തില്‍ ഡോക്‌റുടെ കുടുംബവും സഹപ്രവര്‍ത്തകരും അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13ന് കല്‍ക്കട്ട ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടുനല്‍കിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഘോഷിന് പുറമെ പുതുതായി നെഞ്ച് വിഭാഗം മേധാവിയായി ചുമതലയേറ്റ ഡോ. അരുണാവ ദത്ത, മുന്‍ സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തിയിരുന്നു.

അതേസമയം കൊല്‍ക്കത്തയില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ രാത്രികാല ഷിഫ്റ്റുകളുടെ സമയം വെട്ടിച്ചുരുക്കി. വനിതാ ഡോക്ടര്‍മാരുടെ ജോലി സമയം പരമാവധി 12 മണിക്കൂര്‍ ആക്കി വെട്ടിച്ചുരുക്കിയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയത്.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ‘രാറ്റിറര്‍ ഷതി’അഥവാ ‘രാത്രി സഹായികള്‍’ എന്ന് പേരിട്ട പദ്ധതിയില്‍ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധനകളും ബ്രീത്ത് അനലൈസര്‍ പരിശോധനകളും നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.

Content Highlight: The Supreme Court took a voluntary case in the killing of a doctor in RG Kar Medical College in Kolkata