ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
Kerala News
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th July 2023, 4:58 pm

ന്യൂദല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. എം.എല്‍.എ ശ്രീനിജിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എസ്.സി- എസ്.ടി ആക്ട് പ്രകാരമുള്ള ക്രിമിനല്‍ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ഷാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

‘അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാകാം. പരാതിക്കാരന്റെ ഭാര്യാപിതാവിനെതിരെയും നിയമ വ്യവസ്ഥക്കെതിരെയും മോശമായ രീതിയില്‍ അദ്ദേഹം സംസാരിച്ചിരിക്കാം. എന്നാല്‍ ഇത് എസ്.സി-എസ്.ടി ആക്ടിന് കീഴില്‍ വരുന്ന കുറ്റമല്ല,’ കോടതി പറഞ്ഞു.

ശ്രീനിജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക വി.ഗിരി ഷാജന്‍ തയ്യാറാക്കിയ വീഡിയോയുടെ ഉള്ളടക്കം വായിച്ച് നോക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ താന്‍ അത് കണ്ടിരുന്നുവെന്നും അതില്‍ എസ്.സി- എസ്.ടി നിയമത്തിന് കീഴില്‍ വരുന്ന യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

‘പരാമര്‍ശത്തില്‍ എസ്.സി-എസ്.ടി ആക്ട് പ്രകാരമുള്ള പ്രശ്‌നങ്ങളൊന്നുമില്ല. പരാതിക്കാരന്‍ പട്ടികജാതിയില്‍പ്പെട്ടൊരാളെന്നത് സത്യമാണ്. എന്നാല്‍ അദ്ദേഹത്തിനെതിരെ പറയുന്നതെല്ലാം ജാതിക്കെതിരെ പറയുന്നതായി കണക്കാക്കാന്‍ സാധിക്കില്ല. ഈ പരാമര്‍ശത്തില്‍ അദ്ദേഹം ജാതിയുടെ പേരില്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ സൂചനയുണ്ടോ,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഷാജന്‍ സ്‌കറിയ നിരവധി പേരെ ഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ടെന്ന ഗിരിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തെ പാഠം പഠിപ്പിക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. ഷാജന്റെ പരാമര്‍ശങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന് കീഴില്‍ വരില്ലെങ്കിലും മോശം പരാമര്‍ശങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

അറസ്റ്റ് ചെയ്യുന്നതിനുള്ള ഇളവ് പാസാക്കിയ കോടതി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഷാജനോട് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സംയമനം പാലിക്കണമെന്നും ഷാജന്റെ അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയോട് ആവശ്യപ്പെട്ടു.

സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയില്‍ ശ്രീനിജന്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ദുരുപയോഗം ചെയ്യുന്നുവന്ന തരത്തിലുളള വ്യാജ വാര്‍ത്തകളാണ് ഷാജന്‍ നല്‍കിയത്.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് കേസെടുത്തിരുന്നു. ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്.

ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് നിരീക്ഷിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

content highlights: The Supreme Court stopped Shajan Skaria’s arrest