പവര്‍ ടി.വി ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി; രാഷ്ട്രീയ പകപോക്കലെന്ന് സംശയം: സുപ്രീം കോടതി
national news
പവര്‍ ടി.വി ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി; രാഷ്ട്രീയ പകപോക്കലെന്ന് സംശയം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 9:30 pm

ന്യൂദല്‍ഹി: കന്നഡ വാര്‍ത്ത ചാനലായ പവര്‍ ടി.വിയുടെ സംപ്രേക്ഷണം തടഞ്ഞതില്‍ നിര്‍ണായക നീക്കവുമായി സുപ്രീം കോടതി. സംപ്രേക്ഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

എന്‍.ഡി.എ നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ട വാര്‍ത്താ ചാനലാണ് പവര്‍ ടി.വി. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്.

ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സംശയമുള്ളതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഹരജിക്കാരനെ സംരക്ഷിച്ചില്ലെങ്കില്‍ ഈ കോടതി അതിന്റെ കടമയില്‍ പരാജയപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. ഹരജിയില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

ജെ.ഡി.എസ് എം.എല്‍.എ എച്ച്.എം. രമേശ് ഗൗഡയുടെ പരാതിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിന്റെ വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ, പവര്‍ ടി.വിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ പരാതി നല്‍കിയത്. തുടര്‍ന്ന് ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചാനലിൻ്റെ ലൈസൻസ് 2021 ഒക്ടോബറിൽ അവസാനിച്ചുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാലാണ് കോടതി സംപ്രേക്ഷണം തടഞ്ഞത്.

ജൂലൈ ഒമ്പത് വരെയാണ് ചാനലിന്റെ സംപ്രേക്ഷണം ഹൈക്കോടതി വിലക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടും ആവശ്യമായ ലൈസന്‍സ് പുതുക്കാതെ ചാനല്‍ സംപ്രേക്ഷണം തുടരുകയാണെന്നായിരുന്നു പവര്‍ ടി.വിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

Content Highlight: The Supreme Court stayed the karnataka High Court order blocking the broadcast of Power TV channel