| Tuesday, 23rd July 2024, 5:24 pm

'നീറ്റില്‍ പുനഃപരീക്ഷയില്ല'; പരീക്ഷ നടത്തിപ്പില്‍ വീഴ്ചയുണ്ടായി: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി. എന്നാല്‍ നീറ്റില്‍ പുനഃപരീക്ഷ നടത്തില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം

പരീക്ഷാ ഫലം റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ന്യായമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

വ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സുപീം കോടതി പറഞ്ഞു. പ്രസ്തുത വിധിയിൽ വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിന് ശേഷം, ജൂലൈ 10, 17, 21 തീയതികളിൽ അന്വേഷണ സംഘം ആറ് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. ക്രമക്കേടുകളിൽ അന്വേഷണം തുടരുകയാണ്. ഹസാരിബാഗിലെയും പാട്നയിലെയും കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 155 ഓളം വിദ്യാർത്ഥികൾ തട്ടിപ്പിൻ്റെ ഗുണഭോക്താക്കളാണെന്ന് സി.ബി.ഐ അറിയിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ പുറപ്പെടുവിച്ച വിധിയിൽ, വ്യവസ്ഥാപിത തലത്തിൽ ലംഘനം നടന്നിട്ടുണ്ടോ, നിയമലംഘനം മുഴുവൻ പരീക്ഷാ പ്രക്രിയയെയും ബാധിക്കുമോ, തട്ടിപ്പിന്റെ ഗുണഭോക്താക്കളായ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും വേർതിരിക്കാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

Content Highlight: The Supreme Court said there was a mistake in conducting the NEET exam

We use cookies to give you the best possible experience. Learn more