'സോഷ്യലിസം ഭരണഘടനയുടെ അടിസ്ഥാന ഘടകം'; ബി.ജെ.പി നേതാക്കളുടെ ഹരജി തള്ളി സുപ്രീം കോടതി
national news
'സോഷ്യലിസം ഭരണഘടനയുടെ അടിസ്ഥാന ഘടകം'; ബി.ജെ.പി നേതാക്കളുടെ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 9:03 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ സോഷ്യലിസമെന്നാല്‍ രാഷ്ട്രമെന്നാണെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സുപ്രീം കോടതി. ഈ ആശയം എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പ് നല്‍കുന്ന രാജ്യമാണ് വിഭാവനം ചെയ്യുന്നത്.

ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുത്തിയതിനെതിരായ ബി.ജെ.പിയുടെ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

ഭരണഘടനയിലെ എല്ലാ അനുച്ഛേദങ്ങളിലും സോഷ്യലിസത്തിന്റെ ആശയങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

1977ലെ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹരജി. ഈ ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

സുബ്രമണ്യന്‍ സ്വാമി, ബല്‍റാം സിങ്, അശ്വിനി കുമാര്‍ ഉപാധ്യായ എന്നീ ബി.ജെ.പി നേതാക്കളാണ് ഹരജി ഫയല്‍ ചെയ്തത്. ഭരണഘടനയുടെ ആമുഖം ചരിത്ര രേഖയാണെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളുടെ ഹരജി.

എന്നാല്‍ സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്നാണ് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, ആമുഖത്തില്‍ ഭേദഗതി പാടില്ലെന്ന ബി.ജെ.പിയുടെ വാദവും തള്ളി. ഹരജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

‘പൗരന്മാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള ആവശ്യമായ സ്ഥലം അവശേഷിപ്പിച്ചാണ് ഭരണഘടന നിലവില്‍ വന്നിരിക്കുന്നത്. ആ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരാമെങ്കില്‍ ആമുഖത്തിലുമാകാം. അതില്‍ തെറ്റില്ല,’ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.

ഈ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് രാജ്യത്തെ സ്വകാര്യ മേഖല വളരാതിരുന്നിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ വളര്‍ന്ന സ്വകാര്യ മേഖലയുടെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

1976ലെ 42-ാം ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികളിലൊന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയിലൂടെ രൂപംകൊണ്ട ഭരണഘടനയെ ‘മിനി-കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്നാണ് അറിയപ്പെടുന്നത്.

Content Highlight: The Supreme Court said that socialism in India means a welfare state