ന്യൂദല്‍ഹി: അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി. കടമെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിധി പകര്‍പ്പിലാണ് കോടതിയുടെ നിരീക്ഷണം. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നത്.
കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കടമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ാം ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ വായ്പ പരിധിയില്‍ അനാവശ്യ ഇടപെടലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം 13,608 കോടി രൂപ അധികമായി വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ഹരജി പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിയില്‍ ആദ്യം വാദം കേട്ട സുപ്രീം കോടതി, ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനത്തിന്റെ ആവശ്യം കേരളത്തിന്റെ അവകാശമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഒരു സ്യൂട്ട് ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അടിയന്തരമായി 26,000 കോടി രൂപ കൂടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്ന ആവശ്യം. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല.
Content Highlight: SC said that Kerala was not able to convince the demand for permission to take additional loans