| Tuesday, 17th October 2023, 12:21 pm

സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; മൂന്ന്- രണ്ടിന് ഹരജികള്‍ തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ കോടതി തള്ളിയത്. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ. കൗളും വിവാഹമെന്ന ഹരജിക്കാരുടെ ആവശ്യത്തിൽ ഒരു പരിധി വരെ  യോജിപ്പും വിയോജിപ്പുമുണ്ടെന്ന് വിധി പ്രസ്താവത്തിൽ പറഞ്ഞു.

പി.എസ്. നരസിംഹ, രവീന്ദ്ര ഭട്ട്, ഹിമ കോലി എന്നിവര്‍ ഹരജിക്കാരുടെ ആവശ്യം തള്ളി. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹരജികളിലാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദങ്ങള്‍ കേട്ടത്.

സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന് വിടാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്ന് വിലയിരുത്തിയാണ് ഭൂരിപക്ഷവിധി സ്വവര്‍ഗ വിവാഹത്തിന് എതിരായത്.

അതേസമയം, സ്വവര്‍ഗ പങ്കാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവിധ പ്രസ്താവനകളാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് വിവാഹമെന്ന് സൂചിപ്പിക്കുന്ന സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും തുല്യതയുടെ കാര്യമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

എന്നാല്‍ വിവാഹം സംബന്ധിച്ച നിയമം മാറ്റി എഴുതുന്ന പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് സുപ്രീം കോടതി കടക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗത്തിന് വരേണ്യ, നഗരസങ്കല്‍പ്പമാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. നഗരങ്ങളില്‍ താമസിക്കുന്നവരെ സമ്പന്നരായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് കടക്കുന്നില്ല. വിവാഹം എന്നത് മാറാന്‍ കഴിയാത്ത ഒരു കാര്യമായി പരിഗണിക്കാനാകില്ല. വിവാഹം പല കാലങ്ങളിലായി മാറ്റം സംഭവിച്ച ഒന്നാണെന്നും ചീഫ് ജസ്റ്റസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ പ്രധാന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും

-പങ്കാളികളെ തെരഞ്ഞടുക്കുന്നത് മൗലികാവകാശമാണ്.

-ലിംഗവും ലൈംഗികതയും ഒന്നാകണമെന്നില്ല, സദാചാരം എന്താണെന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്.

– സ്വവര്‍ഗ അനുരാഗികള്‍ക്ക് വിവേചനം പാടില്ല, ക്വര്‍ മനുഷ്യര്‍ക്ക് സുരക്ഷിതമായ താവളങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

ട്രാന്‍സ്മാനും ട്രാന്‍സ് വുമണും തമ്മിലുള്ള വിവാഹത്തിന് നിലവിലെ നിയമത്തിന് തടസമില്ല.

-സ്വവര്‍ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുത്ത് വളര്‍ത്താനുള്ള അവകാശമുണ്ട്. ഭിന്നലംഗക്കാര്‍ക്ക് മാത്രമേ നല്ല മാതാപിതാക്കള്‍ ആകാന്‍ കഴിയൂ എന്ന ശരിയല്ല. ഇത് തെളിയിക്കുന്ന എന്തെങ്കിലും മെറ്റീരിയല്‍ കോടതിയുടെ കയ്യില്‍ ഇല്ല.

-സ്വവര്‍ഗ പങ്കാളികളുടെ അവകാശങ്ങള്‍ക്ക് ഒരു കമ്മിറ്റി രൂപീകരിക്കണം

ചീഫ് ജസ്റ്റിസിനെ കൂടാതെ നാല് വിധികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌പെഷല്‍ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്.

പത്ത് ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് കോടതി ഹരിജകളില്‍ കോടതി വിധി പറയുന്നത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. നഗരവരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നും പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രന്‍, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി തുടങ്ങിയവരാണ് ഹരജിക്കാര്‍ക്കുവേണ്ടി വാദിച്ചത്.

1954ലെ സ്‌പെഷല്‍ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.


Content Highlight: The Supreme Court rejected the same-sex marriage petitions.

We use cookies to give you the best possible experience. Learn more