ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നിവ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി സുപ്രീം കോടതി. ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യ സ്വാമിയുടെ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
പാര്‍ലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു.
ഭരണഘടനയുടെ 42ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലുള്ള ഉത്തരവുകള്‍ ബെഞ്ച് നവംബര്‍ 22ന് മാറ്റി വെച്ചിരുന്നു.
ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതനിരപേക്ഷത എന്നീ പദങ്ങള്‍ ചേര്‍ത്ത 1977ലെ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തായിരുന്നു ഹരജികള്‍. ഭരണഘടനയുടെ ആമുഖം ചരിത്ര രേഖയാണെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളുടെ ഹരജി.
സോഷ്യലിസം, സെക്കുലറിസം തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ രാജ്യസഭാ എം.പി സുബ്രമഹണ്യ സ്വാമി, അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ കോടതി നവംബര്‍ 22ന് വിധി പ്രസ്താവിച്ചിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.
ഈ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് രാജ്യത്തെ സ്വകാര്യ മേഖല വളരാതിരുന്നിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ വളര്‍ന്ന സ്വകാര്യ മേഖലയുടെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
Content Highlight: The Supreme Court rejected the plea of BJP leaders against socialism in the constitution