| Tuesday, 7th May 2024, 1:04 pm

കെജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണം; അറസ്റ്റില്‍ ഇ.ഡി നിബന്ധനകള്‍ പാലിച്ചോയെന്ന് പരിശോധിക്കും: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി.

മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇ.ഡി പാലിച്ചോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്വേഷണം എന്തുകൊണ്ട് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇ.ഡി വിശദീകരിക്കണമെന്ന് കോടതി പറഞ്ഞു. ഇ.ഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മദ്യ അഴിമതിക്കേസില്‍ ഇ.ഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് പുറമെ എ.എ.പി നേതാവ് മനിഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് അന്വേഷത്തിന്റെ തുടക്കം മുതലുള്ള കേസ് ഫയലുകള്‍ ഇ.ഡി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ഇടക്കാല ജാമ്യത്തിനായുള്ള കെജ്‌രിവാളിന്റെ ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ച കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹരജിയില്‍ വാദം നീണ്ടാല്‍ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

Content Highlight: The Supreme Court questioned the Enforcement Directorate in Kejriwal’s arrest

We use cookies to give you the best possible experience. Learn more