ന്യൂദല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതിയുടെ ശിക്ഷ പുനഃസ്ഥാപിച്ച കോടതി, ശിക്ഷ നടപ്പിലാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ പരാമര്‍ശം അനാവശ്യമായ ഒന്നാണെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും കൗമാരക്കാരായ ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ സ്വയം പരിശീലിക്കണമെന്നുമാണ് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നത്.
2022 സെപ്റ്റംബറില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സെഷന്‍സ് കോടതി പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് രജിസ്ട്രിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഇപ്പോള്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കിയത്. ഇന്ത്യയിലെ നിയമമനുസരിച്ച് ലൈംഗികതയ്ക്ക് സമ്മതം നല്‍കാനുള്ള പ്രായം 18 ആണ്. 18 വയസിന് താഴെയുള്ള ഒരാള്‍ നല്‍കുന്ന സമ്മതത്തിന് നിയമസാധുതയില്ല.
Content Highlight: The Supreme Court quashed the order of calcutta high court that adolescent girls should control their addiction