ന്യൂദല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി. മസ്ജിദ് നീക്കം ചെയ്യണമെന്ന് 2017 നവംബറില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷായും സി.ടി. രവികുമാറും അടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ശരി വെച്ചത്.
ഹൈക്കോടതി വിധിക്കെതിരെ യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും വഖഫ് മസ്ജിദ് ഹൈക്കോര്‍ട്ടുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. മസ്ജിദ് നില്‍ക്കുന്ന ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണെന്നും അതിന്മേല്‍ വഖഫ് ബോര്‍ഡ് എങ്ങനെയാണ് അവകാശമുന്നയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെടാന്‍ ഹരജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യാത്ത പക്ഷം മസ്ജിദ് പൊളിച്ചു നീക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ അധികൃതര്‍ക്ക് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് വഖഫ് മസ്ജിദ് ഹൈക്കോര്‍ട്ടിന് വേണ്ടി ഹാജരായത്. പതിറ്റാണ്ടുകളായി മസ്ജിദ് ഇവിടെ സ്ഥിതി ചെയ്യുന്നതാണെന്നും ഇതുവരെയും ആരും മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘2017ല്‍ പുതിയ ഗവണ്‍മെന്റ് വന്നതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്ന് പത്ത് ദിവസത്തിനുള്ളിലാണ് മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്,’ സിബല്‍ വ്യക്തമാക്കി. ഹൈക്കോടതിക്ക് പുറത്തെ റോഡിന് അപ്പുറമാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട് കോടതി വളപ്പിനുള്ളിലാണ് മസ്ജിദ് നില്‍ക്കുന്നതെന്ന വാദം ശരിയല്ലെന്നും സിബല്‍ പറഞ്ഞു.
Content Highlight: The Supreme Court ordered the removal of the mosque located within the Allahabad High Court