| Thursday, 7th April 2022, 5:44 pm

പാകിസ്ഥാന്‍ ഭരണ പ്രതിസന്ധി; ഡപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണ ഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി. ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി ആര്‍ട്ടിക്കിള്‍ 95ന്റെ ലംഘനമാണെന്നും ഭരണഘടനവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിക്കുകയാണ്.

കേസിന്റെ അന്തിമ വിധി ബുധനാഴ്ച 7:30 ന് പറയും. ചീഫ് ജസ്റ്റിസ് ബാന്‍ഡിയല്‍, മുഹമ്മദ് അലി മസ്ഹര്‍, മിയാന്‍ഖല്‍, മുനീബ് അക്തര്‍, ജമാല്‍ ഖാന്‍ മണ്ടോഖൈല്‍ എന്നിവരാടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിലവിലെ പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിലിരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചത്. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട ശേഷമാണ് ഭരണഘടനാ പരമായി വിധി പറയുക.

ഡപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാല്‍ അത് ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകര്‍ക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങള്‍ക്കും എതിരെ പ്രക്ഷോഭം തുടങ്ങാന്‍ ഇമ്രാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

Content Highlight: The Supreme Court of pakistan has ruled that the Deputy Speaker’s action is unconstitutional

We use cookies to give you the best possible experience. Learn more