ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തക ടീസ്ത
സെതല്‍വാദിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ലെന്ന് കോടതി വിമര്‍ശിച്ചു.
ടീസ്തയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചുനീട്ടുന്ന ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത കോടതി കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും പറഞ്ഞു.
ടീസ്തക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിണിച്ചത്.
രണ്ട് മാസമായി ഒരു വനിതയെ കസ്റ്റഡിയില്‍വെച്ചിട്ടും കുറ്റപത്രംപോലും സമര്‍പ്പിച്ചില്ല. കൊലപാതകമോ പരിക്കേല്‍പ്പിക്കലോ പോലുള്ള ഗുരുതര കുറ്റങ്ങള്‍ ടീസ്തയുടെ പേരില്‍ ഇല്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയ കോടതി ജാമ്യം നല്‍കുന്നതില്‍നിന്ന് തടയുന്ന ഒന്നുംതന്നെയില്ലെന്നും നിരീക്ഷിച്ചു.
കേസില്‍ ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം തുടരും. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ടീസ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും സെപ്റ്റംബര്‍ 19-ന് കേള്‍ക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ടീസ്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘നിരപരാധികളായ’വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.
സമാനകേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.
CONTENT HIGHLIGHTS: The Supreme Court observed that the charges against Social activist teesta setalvad were not serious