എന്നാല്‍ കേട്ട് കേള്‍വി മാത്രമുള്ള സാക്ഷികളെ എങ്ങനെയാണ് സുപ്രീംകോടതി വിശ്വാസത്തില്‍ എടുത്തതെന്ന് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നു. ഇത് വിധിയില്‍ സംഭവിച്ച വലിയ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം ഒഴിവാക്കിയ സുപ്രീംകോടതി വിധിയില്‍ അതൃപ്തിയുമായി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു വിധിയില്‍ അമര്‍ഷം രേഖപ്പെടുത്തിയത്.
ഹൈക്കോടതി അംഗീകരിച്ച പ്രോസിക്യൂഷന്‍ വാദം പ്രകാരം, എറുണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ സൗമ്യ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെടുകയും തുടര്‍ന്ന് ഗോവിന്ദച്ചാമി കടന്ന് വന്ന് സൗമ്യയെ ബലമായി കയറി പിടിക്കുകയും, മുടി പിടിച്ച് കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ തല ശക്തമായി നാലഞ്ച് തവണ ഇടിപ്പിച്ച് ബോധരഹിതയാക്കുകയായിരുന്നു എന്നും പറയുന്നു. ഇത് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതുമാണ്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ പ്രതിയായ ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന കാരണത്താല്‍ സുപ്രീംകോടതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തപ്പെട്ട കൊലക്കുറ്റം പിന്‍വലിക്കുകയായിരുന്നു. പക്ഷെ, പീഡനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ 376-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും 325-ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം തടവും കോടതി ഗോവിന്ദച്ചാമിയ്ക്ക് വിധിക്കുകയായിരുന്നു.
തെളിവുകളുടെ അഭാവത്താല്‍, സൗമ്യയെ വധിക്കാന്‍ ഗോവിന്ദച്ചാമിയ്ക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തിയ കൊലക്കുറ്റം പിന്‍വലിക്കുകയായിരുന്നു. അതിനാല്‍ ഐ.പി.സി സെക്ഷന്‍ 302 വകുപ്പ് പ്രകാരം ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നല്‍കാന്‍ സാധിക്കില്ല. തലയ്ക്ക് 45 തവണ പ്രഹരമേറ്റതിനും പീഡനത്തിനിരയായതിനെയും തുടര്‍ന്ന് സൗമ്യ സ്വയം ട്രെയിനില്‍ നിന്നും ചാടാമെന്ന സാധ്യതയും സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
സൗമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടിയതാണെന്ന് തങ്ങളോട് മധ്യവയസ്‌കനായ വ്യക്തിയാണ് അറിയിച്ചതെന്ന പ്രോസിക്യൂഷന്റെ നാല്, നാല്‍പത് നമ്പര്‍ സാക്ഷികളുടെ മൊഴിയെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതായി വിധിയുടെ 15-ാം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേട്ട് കേള്‍വി മാത്രമുള്ള സാക്ഷികളെ എങ്ങനെയാണ് സുപ്രീംകോടതി വിശ്വാസത്തില്‍ എടുത്തതെന്ന് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നു. ഇത് വിധിയില്‍ സംഭവിച്ച വലിയ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
300 വകുപ്പിന്റെ മൂന്നാം ഭാഗം പ്രകാരം, തല ശരീരത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാണെന്നും തുടര്‍ച്ചയായി പ്രഹരമേല്‍ക്കുന്ന സാഹചര്യത്തില്‍ മരണം സംഭവിക്കാന്‍ സാധ്യതയേറുമെന്ന കാര്യം സുപ്രീംകോടതി വിസ്മരിച്ചത് തെറ്റാണെന്നും മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി.
ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തപ്പെട്ട കൊലക്കുറ്റം പിന്‍വലിച്ചതിലൂടെ സുപ്രീംകോടതി തെറ്റായ സന്ദേശമാണ് നീതിന്യായ വ്യവസ്ഥിതിയ്ക്ക് നല്‍കുന്നതെന്നും വിധിയില്‍ സുപ്രീംകോടതി പരിശോധന നടത്തണമെന്നും കട്ജു പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.