| Wednesday, 17th July 2024, 12:25 pm

പട്ടികജാതികളുടെ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് എന്തധികാരം; ബീഹാറിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാർ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പട്ടികജാതികളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

അതിപിന്നോക്ക ജാതികളെ പട്ടികജാതികളുടെ പട്ടികയില്‍ ചേര്‍ത്ത ബീഹാറിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം. ജസ്റ്റിസ് വിക്രനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഭരണഘടനയുടെ 341 വകുപ്പ് പ്രകാരം പട്ടികജാതികളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പട്ടികയില്‍ മാറ്റം വരുത്തിയ ബീഹാറിന്റെ നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

ഇ.ബി.സി പട്ടികയില്‍ നിന്ന് ഒരു ജാതിയെ ഒഴിവാക്കിയതിന് ന്യായീകരിക്കാം. എന്നാല്‍ അതിനെ പട്ടികജാതികളുടെ പട്ടികയില്‍ ലയിപ്പിച്ചതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

2015ലാണ് ഇ.ബി.സി പട്ടികയിലുണ്ടായിരുന്ന ‘തന്തി-തന്ത്വ’ വിഭാഗത്തെ പട്ടികജാതിയില്‍പ്പെട്ട പാന്‍, പനര്‍, സവാസി എന്നിവയുമായി ലയിപ്പിച്ചത്. ഈ നടപടി മൂലമാണ് പട്ടികജാതികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മറ്റു ജാതികളിലേക്ക് പോകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

2015ല്‍ മാറ്റം വരുത്തിയ പട്ടികയനുസരിച്ച് 1991ലെ ഏതാനും തസ്തികകളില്‍ (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള) തന്തി-തന്ത്വ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിയാണ് കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പിന്നോക്ക കമ്മീഷന്റെ ശുപാര്‍ശയിലാണ് സംസ്ഥാന സര്‍ക്കാര്‍ ലയനപ്രമേയം പാസാക്കിയത്. നടപടിയെ 2017ല്‍ ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ഹൈക്കോടതി ഉത്തരവിനും സര്‍ക്കാര്‍ നടപടിക്കുമെതിരെ ചില സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷക ജെയ്സിങ്ങാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.

രാഷ്ട്രപതി അംഗീകാരത്തോടെ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കേണ്ടതുണ്ട്.

Content Highlight: The Supreme Court held that the state has no power to change the Schedule of Scheduled Castes

We use cookies to give you the best possible experience. Learn more