സ്വന്തം ശരീരത്തിന്റെ കാര്യത്തിലുള്ള തീരുമാനം സ്ത്രീകള്‍ക്ക്; ഗര്‍ഭച്ഛിദ്രം അവര്‍ തീരുമാനിക്കട്ടെ: സുപ്രീം കോടതി
national news
സ്വന്തം ശരീരത്തിന്റെ കാര്യത്തിലുള്ള തീരുമാനം സ്ത്രീകള്‍ക്ക്; ഗര്‍ഭച്ഛിദ്രം അവര്‍ തീരുമാനിക്കട്ടെ: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2023, 11:13 am

ന്യൂദല്‍ഹി: ശരീരത്തിന്റെ കാര്യത്തില്‍ ആത്യന്തികമായ അവകാശമുള്ളത് ഓരോ വ്യക്തികള്‍ക്കുമാണെന്ന് സുപ്രീം കോടതി. ഒരു സ്ത്രീ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ അവളുടെ തീരുമാനം മാത്രമാണ് പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ബലാത്സംഗത്തെ അതിജീവിച്ച 25 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി വൈകിപ്പിച്ച സംഭവത്തില്‍ വാദം നടക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഒരു കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ ഒരു സ്ത്രീക്ക്
നിഷേധിക്കപ്പെടുന്നത് പ്രത്യുല്‍പാദനത്തിന്റെ സ്വയം തെരഞ്ഞെടുപ്പാണ്. ഗര്‍ഭം ധരിക്കാന്‍ അതിജീവിത നിര്‍ബന്ധിതയാകുമ്പോള്‍ ബലാത്സംഗത്തിന്റെ ആഘാതം എങ്ങനെ അവരെ വിട്ടുപോകുമെന്നും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള അതിജീവിതയുടെ അടിയന്തര ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞു. സ്ത്രീയുടെ വൈകാരികവും ശാരീരികവുമായ ആരോഗ്യവും അന്തസും ഇത് ഹനിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

‘ഒരു സ്ത്രീക്ക് അവളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ഇഷ്ടപ്രകാരം ഗര്‍ഭിണിയാകാം. ആകസ്മികമായ ഗര്‍ഭധാരണം സ്ത്രീയെയാണ് കൂടുതല്‍ ബാധിക്കുക. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം, ഒരു സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യം അപകടത്തിലാണെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകാനുള്ള അവകാശം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് സ്ത്രീയാണ്,’ കോടതി പറഞ്ഞു.

അതേസമയം, ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സുപ്രീം കോടതി വിധിക്കെതിരെ ഒരു കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിച്ചതില്‍ ഗുജറാത്ത് ഹൈക്കോടതിയെ ശനിയാഴ്ച സുപ്രീം കോടതി വിമര്‍ശിക്കുകയും പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി കേസില്‍ ശനിയാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്.

ഹൈകോടതി ജഡ്ജിമാരെ നിരുത്സാഹപ്പെടുത്തുന്ന ആത്മവീര്യം ചോര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത്. എന്നാല്‍
രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടക്കം സൂചിപ്പിച്ചാണ് സുപ്രീം കേടതി ഗുജറാത്ത് ഹൈക്കോടതിയെ വിമര്‍ശിച്ചത്.

Content Highlight: The Supreme Court held that every individual has the ultimate right in the matter of Body