ന്യൂദല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന പൂര്‍ണമായും ബിസിനസ് ഇടപാടുകള്‍ ആണെന്ന് സുപ്രീം കോടതി. ബോണ്ടുകള്‍ മുഖേന ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരികെ നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
വ്യക്തികളുടെ സംഭാവനകളേക്കാള്‍ ഒരു കമ്പനിക്ക് രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് കോര്‍പ്പറേറ്റ് രാഷ്ട്രീയ ഫണ്ടിങ് അനുവദിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ബന്ധത്തിന്റെ സ്വകാര്യതയ്ക്കുള്ള അവകാശം പൊതു നയത്തെ സ്വാധീനിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും സംഭാവനകള്‍ക്ക് പരിധികള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കള്ളപ്പണം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാല്‍ വിവരാവകാശ ലംഘനം ന്യായീകരിക്കപ്പെടുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് മറുപടിയെന്നോണം കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം തടയാനുള്ള ഒരേയൊരു പദ്ധതി ഇലക്ട്രല്‍ ബോണ്ട് പദ്ധതിയല്ലെന്നും മറ്റ് ഇതര മാര്‍ഗങ്ങളുണ്ടെന്നും കോടതി നിര്‍ദേശിച്ചു.
വിവരാവകാശത്തിന്റെ നിര്‍ണായക വശം അത് സംസ്ഥാന കാര്യങ്ങളില്‍ ഒതുങ്ങുന്നില്ലെന്നും പങ്കാളിത്ത ജനാധിപത്യത്തിന് ആവശ്യമായ വിവരങ്ങളും നിയമത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ പദ്ധതി സഹായിക്കുമെന്നും കോടതി വിലയിരുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) നിന്ന് ബെയറര്‍ ബോണ്ടുകള്‍ വാങ്ങിയതിന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അജ്ഞാതമായി പണം അയക്കാന്‍ ഇലക്ട്രല്‍ ബോണ്ട് പദ്ധതി ദാതാക്കളെ അനുവദിക്കുന്നുവെന്ന് കോടതി വിധിയില്‍ പറയുന്നു.
2017ലെ ഫിനാന്‍സ് ആക്ടിലൂടെയാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇത്തരം ബോണ്ടുകള്‍ പ്രാപ്തമാക്കുന്നതിനായി ആര്‍.ബി.ഐ നിയമം, ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്റ്റ് വഴി വിവിധ ചട്ടങ്ങളില്‍ വരുത്തിയ അഞ്ച് ഭേദഗതികളും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിധിയില്ലാത്തതും പരിശോധിക്കപ്പെടാത്തതുമായ ഫണ്ടിങ്ങിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ സമക്ഷം ഒന്നിലധികം ഹരജികള്‍ ഇതുസംബന്ധിച്ച് ഫയല്‍ ചെയ്യപ്പെട്ടു.
അതേസമയം ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുതാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി സ്റ്റേ ചെയ്യണമെന്ന അപേക്ഷ 2021 മാര്‍ച്ചില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
നിലവില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
Content Highlight: The Supreme Court held that corporate donations are purely business transactions