| Thursday, 25th January 2024, 9:26 pm

ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനം; യു.പിയില്‍ കേസ് ചുമത്തപ്പെട്ടവര്‍ക്കതിരെ നിര്‍ബന്ധിത നടപടിയെടുക്കില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിനും സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ
നിര്‍ബന്ധിത നടപടിയെടുക്കില്ലെന്ന് സുപ്രീം കോടതി.

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഉത്തരവ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യു.പി സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജിയില്‍ വാദം കേട്ടത്.

ഹരജിക്കാരനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നിര്‍ബന്ധിത നിയമനടപടികള്‍ സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അധികൃതര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹലാല്‍ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.ആര്‍. ഷംസാദ് വിഷയത്തില്‍ ഇടക്കാല സംരക്ഷണ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

നിലവില്‍ ഹലാല്‍ ട്രസ്റ്റ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയതായും അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഹലാല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും വില്‍പനക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഹലാല്‍ ഉത്പനങ്ങള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് ഏതാനും സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ ചോദ്യചെയ്തുകൊണ്ട് ട്രസ്റ്റ് ഹരജി സമര്‍പ്പിക്കുന്നത്. നിലവില്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി കോടതിയിലെ ബാച്ച് ഹരജികള്‍ക്കൊപ്പം ടാഗ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Content Highlight: The Supreme Court has said that the UP government’s move to ban Halal products is not acceptable

We use cookies to give you the best possible experience. Learn more