ന്യൂദല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി. മുംബൈ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. മാത്രവുമല്ല ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ചിലവുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
മുംബൈ സ്വദേശിയായ 14കാരിക്കാണ് സുപ്രീം കോടതിയുടെ വിധി ആശ്വാസമായിരിക്കുന്നത്. ഇന്ത്യയില്‍ 24 ആഴ്ച പഴക്കമുള്ള ഗര്‍ഭം അബോര്‍ട് ചെയ്യുന്നതിന് കോടതിയുടെ അനുമതി ആവശ്യമുണ്ടെന്നിരിക്കെയാണ് പീഡനത്തിനിരയായ 14 വയസ്സുകാരിക്ക് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി 30 ആഴ്ചയായി ഗര്‍ഭിണിയാണ്.
ഇത് അസാധാരണമായ കേസാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നതിലെ അപകട സാധ്യതകളെ കുറിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.
ഗര്‍ഭഛിദ്രം നടത്തുന്നതിനേക്കാള്‍ അപകട സാധ്യതയാണ് പെണ്‍കുട്ടി പ്രസവിച്ചാല്‍ ഉണ്ടാകുക എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയണെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിടുകയായിരുന്നു.
ഏപ്രില്‍ നാലിന് ബോംബെ ഹൈക്കോടതി പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ച അടിയന്തിരവാദം കേട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പരിഗണിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പെണ്‍കുട്ടിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയില്‍ പുതിയ പരിശോധന നടത്തുകയായിരുന്നു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ 142ാം അനുഛേദം പ്രകാരം ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയാണുണ്ടായത്.
content highlights: The Supreme Court granted permission for an abortion to a 14-year-old girl who was tortured